കൂടത്തായി കേസ്: നാല് മൃതദേഹങ്ങളില്‍ നിന്നും വിഷാംശം ലഭിക്കാത്തത് സ്വാഭാവിക കാലപ്പഴക്കം കാരണം; വിശദീകരിച്ച് റിട്ട.എസ്പി കെജി സൈമണ്‍

കോഴിക്കോട്: കൂടത്തായി കേസില്‍ പുറത്തുവന്ന കേന്ദ്ര ഫൊറന്‍സിക് ലാബിലെ പരിശോധനാ ഫലം കേസിനെ ബാധിക്കില്ലെന്ന് പ്രതികരിച്ച് റിട്ട.എസ്പി കെജി സൈമണ്‍. ജോളി കൊലപ്പെടുത്തിയ ആറുപേരില്‍ നാലു പേരുടെ മൃതദേഹത്തില്‍ സയനൈഡിന്റെയോ മറ്റു വിഷാംശങ്ങളുടെയോ സാന്നിധ്യമില്ലെന്നാണ് ഫൊറന്‍സിക് ലാബ് കണ്ടെത്തല്‍.

സംസ്ഥാനത്തെ ഫൊറന്‍സിക് ലാബില്‍ പരിശോധിച്ചപ്പോഴും നാലു മൃതദേഹങ്ങളില്‍ നിന്ന് വിഷാംശം കണ്ടെത്തിയിരുന്നില്ല എന്നും തുടര്‍ന്നാണ് കേന്ദ്ര ഫോറന്‍സിക് ലാബിനെ സമീപിച്ചതെന്നും സൈമണ്‍ ചൂണ്ടിക്കാട്ടി.

ഇതു കാലപ്പഴക്കം കൊണ്ട് സ്വാഭാവികമായി സംഭവിച്ചതാണെന്നും കേസ് അന്വേഷിച്ച മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ കൂടിയായ സൈമണ്‍ പറഞ്ഞു. കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ ആദ്യ ഭര്‍ത്താവിന്റെ പിതാവ് ടോം തോമസ്, ടോമിന്റെ ഭാര്യ അന്നമ്മ, അന്നമ്മയുടെ സഹോദരന്‍ മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ മകള്‍ ആല്‍ഫൈന്‍ എന്നിവരുടെ മൃതദേഹ സാംപിളുകളില്‍ നടത്തിയ പരിശോധനയിലാണ് സയനൈഡിന്റെ അംശമില്ലെന്ന് വ്യക്തമായത്.

ALSO READ-കൂടത്തായി കേസില്‍ വന്‍വഴിത്തിരിവ്; നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡ് അംശമില്ല; ജോളിയെ തുണയ്ക്കുമോ?

അന്വേഷണ സംഘം ഹൈദരാബാദിലെ സെന്‍ട്രല്‍ ഫൊറന്‍സിക് ലബോറട്ടറിയില്‍ നിന്നുള്ള പരിശോധനാഫലം കോടതിയില്‍ സമര്‍പ്പിച്ചു. അതേസമയം, ജോളിയുടെ ആദ്യ ഭര്‍ത്താവ് റോയിയുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ സയനൈഡിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. എന്നാല്‍ അന്ന് ആ മരണം ആത്മഹത്യയാണെന്ന് എഴുതി തള്ളുകയായിരുന്നു. ജോളിയുടെ രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ ആദ്യ ഭാര്യ സിലിയുടെ മൃതദേഹ സാംപിളില്‍ നിന്നും സയനൈഡിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുമുണ്ട്.

Exit mobile version