കോഴിക്കോട്: കേരളത്തെ ഞെട്ടിച്ച കൂടത്തായി കൊലപാതക പരമ്പര കേസില്‍ വഴിത്തിരിവായി ദേശീയ ഫൊറന്‍സിക് ലാബ് റിപ്പോര്‍ട്ട് പുറത്ത്. കൂടത്തായിയില്‍ കൊല്ലപ്പെട്ടവരില്‍ നാലുപേരുടെ മൃതദേഹാവശിഷ്ടങ്ങളില്‍ സയനൈഡിന്റെ അംശമോ മറ്റു വിഷാംശങ്ങളോ കണ്ടെത്താനായില്ല. ദേശീയ ഫൊറന്‍സിക് ലാബിന്റെ റിപ്പോര്‍ട്ടിലാണ് അന്നമ്മ തോമസ്, ടോം തോമസ്, മഞ്ചാടിയില്‍ മാത്യു, ആല്ഫൈന് എന്നിവരുടെ മൃതദേഹ അവശിഷ്ടങ്ങളില്‍ വിഷാംശം കണ്ടെത്തിയില്ലെന്ന വിവരമുള്ളത്.
കൂടത്തായി കേസില്‍ പ്രതിയായ ജോളി ഭര്‍തൃമാതാവായ അന്നമ്മ തോമസിനെ 2002-ല്‍ ആട്ടിന്‍സൂപ്പില്‍ ‘ഡോഗ് കില്‍’ എന്ന വിഷം കലര്‍ത്തി നല്‍കിയും ബന്ധുക്കളായ മൂന്നുപേരെ സയനൈഡ് നല്‍കിയും കൊലപ്പെടുത്തി എന്നാണ് പ്രോസിക്യൂഷന് കേസ്.
അന്നമ്മയെ കൊല്ലാന്‍ ഉപയോഗിച്ച വിഷം ജോളി മൃഗാശുപത്രിയില്‍നിന്ന് വാങ്ങിയതിന്റെ രേഖകളും തെളിവുകളും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. മറ്റുമൂന്നുപേരെ കൊലപ്പെടുത്തിയത് സയനൈഡ് നല്‍കിയാണെന്നത് ജോളിയുടെ കുറ്റസമ്മത മൊഴിയാണ്.
അതേസമയം, മൃതദേഹാവശിഷ്ടങ്ങളുടെ കാലപ്പഴക്കം കാരണമാകാം സയനൈഡിന്റെ അംശമോ വിഷാംശമോ കണ്ടുപിടിക്കാന്‍ കഴിയാത്തതന്നാണ് നിലവിലെ നിഗമനം. വിഷാംശം തെളിയിക്കാനായി വിദേശരാജ്യങ്ങളില്‍ വിശദമായ പരിശോധനയ്ക്ക് സാധ്യതയുണ്ടോ എന്നകാര്യവും പ്രോസിക്യൂഷന് പരിശോധിച്ച് വരികയാണ്.
2019-ലാണ് നാടിനെ ഞെട്ടിച്ച് കൂടത്തായി കേസിലെ മൃതദേഹങ്ങള്‍ പുറത്തെടുത്തത്. മൃതദേഹാവശിഷ്ടങ്ങള്‍ മാസങ്ങള്‍ക്ക് ശേഷമാണ് ഫൊറന്‍സിക് ലാബില്‍ പരിശോധനക്ക് അയച്ചത്. റീജണല്‍ ഫൊറന്‍സിക് ലാബിലും ദേശീയ ഫൊറന്‍സിക് ലാബിലുമായിരുന്നു പരിശോധന.
14 വര്‍ഷത്തിനിടെ ജോളി ജോസഫ് ഭര്‍ത്താവ് റോയ് തോമസ്, ഭര്‍തൃമാതാവ് അന്നമ്മ തോമസ്, ഭര്‍തൃപിതാവ് ടോം തോമസ്, അന്നമ്മയുടെ സഹോദരന് മാത്യു മഞ്ചാടിയില്‍, ജോളിയുടെ രണ്ടാംഭര്‍ത്താവ് ഷാജുവിന്റെ ആദ്യഭാര്യ സിലി, മകള്‍ ആല്ഫൈന് എന്നിവരെ വിഷം നല്‍കിയും സയനൈഡ് നല്‍കിയും കൊലപ്പെടുത്തിയെന്നാണ് കൂടത്തായി കേസ്.
Discussion about this post