ഗായിക വാണി ജയറാമിന്റെ വിയോഗം ഉൾകൊള്ളാനാകുന്നില്ലെന്ന് മലയാളത്തിന്റെ വാനമ്പാടി ചിത്ര. അപ്രതീക്ഷിതമാണ് വിയോഗമെന്നും തനിക്ക് വിശ്വസിക്കാനാകുന്നില്ലെന്നും ചിത്ര പറഞ്ഞു. ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിലാണ് വാണി ജയറാമിനെ കണ്ടെത്തിയത്. നെറ്റിൽ ഒരു പൊട്ടലുണ്ട്. ഈ മരണ വാർത്ത അറിഞ്ഞതിന് പിന്നാലെയാണ് ചിത്രയുടെ പ്രതികരണം.
‘മൂന്ന് ദിവസം മുൻപ് എന്നെ ഫോണിൽ വിളിച്ചതേയുള്ളൂ. ഇത് സത്യം തന്നെയാണോ? ഞാൻ പങ്കെടുത്ത ഒരു പരിപാടിയിൽ വാണിയമ്മ അതിഥിയായി വന്നത് ഈയിടെയാണ്. പത്മഭൂഷൺ കിട്ടിയതിന് അമ്മയെ ഞങ്ങൾ ആദരിച്ചു. ഒരു സാരി ഞാൻ സമ്മാനമായി നൽകിയിരുന്നു. അതിന് ശേഷം എന്നെ വിളിച്ച് സാരി ഇഷ്ടമായെന്ന് പറഞ്ഞിരുന്നു. എനിക്ക് വിശ്വസിക്കാൻ സാധിക്കുന്നില്ല. എനിക്ക് എന്താണ് പറയേണ്ടത് എനിക്കറിയില്ല. വാണിയമ്മ സംഗീതലോകത്തിന് ഒരുപാട് സംഭാവനകൾ നൽകിയ വ്യക്തിയാണ്. ഒരു പാട്ട് ഒറ്റതവണ കേട്ടാൽ മതി പെട്ടന്ന് പഠിച്ചെടുക്കും. തമിഴിൽ ഞാൻ ഏറ്റവു കൂടുതൽ ഡ്യൂവറ്റ് പാടിയത് വാണിയമ്മയ്ക്ക് ഒപ്പമായിരിക്കും. എനിക്ക് ഉൾക്കൊള്ളാനാകുന്നില്ല ഈ മരണം’ ചിത്ര പറയുന്നു.
തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു വാണി ജയറാം ജനിക്കുന്നത്. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക്, എന്നിവയുൾപ്പെടെ 19 ഭാഷകളിലെ ചിത്രങ്ങൾക്കായി വാണി ജയറാം തന്റെ സ്വരം നൽകിയിട്ടുണ്ട്. മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം മൂന്നുതവണയാണ് വാണി ജയറാം സ്വന്തമാക്കിയിട്ടുള്ളത്. ഏഴുസ്വരങ്ങൾ (1975), ശങ്കരാഭരണം (1980), സ്വാതികിരണം (1991) എന്നിവയായിരുന്നു ആ ചിത്രങ്ങൾ. ഈ മധുര സ്വരം നിലച്ചതിന്റെ ആഘാതത്തിലാണ് സിനിമാ ലോകവും താരത്തെ ആരാധിക്കുന്നവരും.