വടകര: യാത്രയ്ക്കിടെയുണ്ടായ സംഘർഷത്തിൽ ഓടുന്ന തീവണ്ടിയിൽ നിന്ന് പുറത്തേയ്ക്ക് വീണ യുവാവ് മരിച്ചു. അതിഥിത്തൊഴിലാളികളായ സുഹൃത്തുക്കൾ തമ്മിലാണ് വാക്കുതർക്കം സംഘർഷത്തിലേയ്ക്ക് നീങ്ങിയത്. ഉത്തർപ്രദേശ് സ്വദേശി വിവേകാണ് മരിച്ചത്. സംഭവത്തിൽ, ട്രെയിനിൽ നിന്നും ഇയാളെ തള്ളിയിട്ട അസം സ്വദേശി മുഫാദൂർ ഇസ്ലാമിനെ പോലീസ് അറസ്റ്റ് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് കണ്ണൂർ-എറണാകുളം ഇന്റർസിറ്റി എക്‌സ്പ്രസിലാണ് സംഭവം. മീഞ്ചന്തയിൽ സ്വകാര്യ കമ്പനിയിൽ ജീവനക്കാരാണ് ഇവർ. യാത്രയ്ക്കിടെയാണ് ഇരുവരും തമ്മിൽ വഴക്കുണ്ടായത്. തീവണ്ടി കണ്ണൂക്കര എത്തിയപ്പോൾ വാക്കുതർക്കത്തിന് പിന്നാലെ മുഫാദൂർ സുഹൃത്തിനെ പുറത്തേക്ക് പിടിച്ചുതള്ളിയിടുകയായിരുന്നു. ഇതുകണ്ട മറ്റുയാത്രക്കാരാണ് മുഫാദൂറിനെ പിടിച്ചുവെച്ച് റെയിൽവേ പോലീസിനെ വിവരം അറിയിച്ചത്.
വടകര സ്റ്റേഷനിലെത്തിയപ്പോൾ ആർ.പി.എഫ്. എ.എസ്.ഐ. ബിനീഷ് ഇയാളെ കസ്റ്റഡിയിലെടുത്ത് വടകര പോലീസിൽ ഏൽപിച്ചു. പിന്നീട് മുഫാദൂറിനെ കോഴിക്കോട് റെയിൽവേ പോലീസിന് കൈമാറി. യാത്രക്കാർ നൽകിയ വിവരമനുസരിച്ച് പോലീസും ആർ.പി.എഫും നടത്തിയ തിരച്ചിലിലാണ് ട്രാക്കിന് സമീപം പരിക്കേറ്റ യുവാവിനെ കണ്ടെത്തിയത്. ശേഷം, മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരണത്തിന് കീഴടങ്ങി.