വെഞ്ഞാറമൂട്: കണ്ണൂരിനെ നടുക്കിയ അപകടത്തിന് പിന്നാലെ വീണ്ടും ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ അത്ഭുതകരമായാണ് അപകടത്തിൽ നിന്ന് കരകയറിയത്. വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ വലിയ കട്ടയ്ക്കാൽ മൈലക്കുഴി ജംക്ഷനു സമീപത്ത് വെച്ച് രാവിലെ 8.30ഓടെയാണ് തീപിടുത്തമുണ്ടായത്. കടയ്ക്കാവൂർ നിലക്കാമുക്ക് മോഹൻ വില്ലയിൽ ലിജോയുടെ കാറിനാണ് തീപിടിച്ചത്.
യാത്രയ്ക്കിടെ കാറിന്റെ എൻജിൻ ഭാഗത്തു നിന്നു പുക ഉയരുന്നതു വഴിയിൽ നിന്നവരാണു കാണുന്നത്. ഇവർ ബഹളം കൂട്ടി കാർ നിർത്തിച്ചു. ഡ്രൈവർ പുറത്തിറങ്ങിയ ഉടൻ കാറിന്റെ മുൻഭാഗത്തെ പൂർണ്ണമായും തീ വിഴുങ്ങി. ശേഷം, വെഞ്ഞാറമൂട് അഗ്നിരക്ഷാ നിലയത്തിൽ നിന്നു അസി. സ്റ്റേഷൻ ഓഫീസർ ജയദേവന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എത്തിയാണ് തീ അണച്ചത്.
വലിയൊരു ദുരന്തത്തിൽ നിന്നാണ് ലിജോ കരകയറിയത്. കാറിന്റെ മുൻഭാഗം പൂർണമായും കത്തിയമർന്നു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും വെന്തു മരിച്ചതിന് തൊട്ടടുത്ത ദിവസമാണ് അപകടം നടന്നത്.