തിരുവനന്തപുരം: സംസ്ഥാനത്ത് 25 പുതിയ നഴ്‌സിങ് കോളജുകള്‍ കൂടി ആരംഭിക്കാന്‍ ബജറ്റില്‍ തീരുമാനം. ഇടുക്കി, വയനാട് മെഡിക്കല്‍ കോളജുകളോടും സംസ്ഥാനത്തെ താലൂക്ക്, ജനറല്‍ ആശുപത്രികളോടും അനുബന്ധിച്ചാവും പുതിയ നഴ്‌സിങ് കോളsജുകള്‍ നിര്‍മ്മിക്കുക.
ആദ്യഘട്ടത്തില്‍ 25 ആശുപത്രികളോട് ചേര്‍ന്ന് ഇത് ആരംഭിക്കും. ഈ വര്‍ഷം തന്നെ 20 കോടി രൂപ ഇതിലേക്കായി വകയിരുത്തുമെന്നും ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ വ്യക്തമാക്കി.
അതേസമയം, തദ്ദേശീയമായി പേ വിഷത്തിനെതിരെ വാക്സീന്‍ വികസിപ്പിക്കാന്‍ ബജറ്റില്‍ പ്രഖ്യാപനം. സംസ്ഥാന തദ്ദേശീയമായ ഓറല്‍ റാബിസ് വാക്സീന്‍ വികസിപ്പിക്കുന്നതിന് സംരംഭം ആരംഭിക്കുമെന്ന് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു.
തിരുവനന്തപുരത്തെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ്ഡ് വൈറോളജിയുടെയും കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സ് സര്‍വകലാശാലയ്ക്കു കീഴിലുള്ള വിവിധ സ്ഥാപനങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ ആയിരിക്കും വാക്സീന്‍ വികസിപ്പിക്കുക.
ഈ പദ്ധതിക്കായി അഞ്ച് കോടി രൂപ ബജറ്റില്‍ നീക്കിവച്ചതായി ധനമന്ത്രി അറിയിച്ചു. കേരളത്തില്‍ തുടരുന്ന തെരുവുനായ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രഖ്യാപനം.