കണ്ണൂര്‍: കണ്ണൂരിലെ കുറ്റിയാട്ടൂര്‍ സ്വദേശി റീഷ, ഭര്‍ത്താവ് പ്രജിത്ത് എന്നിവരുടെ ദാരുണ മരണത്തിന്റെ ഞെട്ടലിലാണ് കേരളം. ഇന്ന് ഉച്ചയ്ക്കാണ് ഓടുന്ന കാറിന് തീപ്പിടിച്ച് പൂര്‍ണ ഗര്‍ഭിണിയായിരുന്ന റീഷയും പ്രജിത്ത് യാത്രയായത്. പ്രസവത്തിനായി ആശുപത്രിയിലേക്ക് എത്തുന്നതിന് മിനിറ്റുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് ദുരന്തം. ഒപ്പമുണ്ടായിരുന്ന മൂത്തമകളും മറ്റ് ബന്ധുക്കളും രക്ഷപ്പെട്ടിരുന്നു.
കൂട്ടിനൊരു കുഞ്ഞുവാവയെ കിട്ടുന്ന സന്തോഷത്തിലായിരുന്നു ഏഴുവയസ്സുകാരി ശ്രീപാര്‍വ്വതി. അച്ഛനും അമ്മയ്ക്കുമൊപ്പം കാറിലിരുന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുമ്പോള്‍ വാ തോരാതെ സംസാരിച്ചിരിക്കുകയായിരുന്നു അവള്‍. എന്നാല്‍ വഴിയില്‍ കാത്തിരുന്നത് ഈ കുഞ്ഞിന്റെ ജീവിതത്തെ ആകെ ഇരുട്ടിലാഴ്ത്തിയ ദുരന്തമായിരുന്നു.
ഒന്നിച്ചു നടക്കേണ്ട കൂടപ്പിറപ്പിനെയും അച്ഛനെയും അമ്മയെയുമാണ് ശ്രീപാര്‍വ്വതിയ്ക്ക് നഷ്ടമായത്. കാറിന് പിറകില്‍ അമ്മൂമ്മ ശോഭനയുടെ മടിയിലായിരുന്നു ശ്രീപാര്‍വ്വതി. കളി ചിരിയും തമാശയുമായി പോകുന്നതിനിടയിലാണ് ദാരുണ അപകടം. അച്ഛനും അമ്മയുമിരിക്കുന്ന കാറിന്റെ മുന്‍ വശത്ത് നിന്നും തീയും പുകയുമുയര്‍ന്നത് മാത്രമേ അവള്‍ക്ക് ഓര്‍മ്മയുള്ളു. നിമിഷ നേരം കൊണ്ട് കാറിന്റെ മുന്‍വശത്ത് തീ ആളിപടര്‍ന്നു.
രണ്ടു കാലിലും തീ പടരുമ്പോഴും കാറോടിച്ചിരുന്ന പ്രജിത്ത് തന്നെയാണ് ശ്രീ പാര്‍വ്വതിയെയും മുത്തശ്ശനെയും അമ്മൂമ്മമാരെയും പുറത്തിറക്കാന്‍ കാറിന്റെ ഡോര്‍ തുറന്നത്. അവര്‍ കാറിന് വെളിയില്‍ എത്തിയപ്പോഴേക്കും ശ്രീപാര്‍വതിയുടെ അച്ഛനും അമ്മയും കത്തിയമര്‍ന്നു. അമ്മ റീഷ കാറിനുള്ളിലെ ഗ്ലാസില്‍ തട്ടി അച്ഛായെന്ന് നിലവിളിക്കുന്ന നടുക്കുന്ന കാഴ്ചയുടെ ഞെട്ടലിലാണ് കുരുന്നു മനസ്സുള്ളത്. ആ മുറുവുണക്കാന്‍ ഏത് കാലത്തിനാവും.
Discussion about this post