തിരുവനന്തപുരം: വാഹന പരിശോധനക്കിടയില്‍ പോലീസ് ഉദ്യോഗസ്ഥന്‍ ഗര്‍ഭിണിയേയും ഭര്‍ത്താവിനേയും അപമാനിച്ചതായി പരാതി. കിഴക്കേക്കോട്ടയില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ട്രാഫിക് സൗത്ത് യൂണിറ്റിലെ എസ്ഐയ്ക്ക് എതിരെയാണ് പരാതി.
വണ്‍വേ തെറ്റിച്ചു എന്നതിന്റെ പേരില്‍ നെടുമങ്ങാട് സ്വദേശികളായ വിജിത്തിനോടും ഭാര്യയോടും അപമര്യാദയായി പെരുമാറിയെന്നാണ് പരാതി. ചൊവ്വാഴ്ച്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം നടന്നത്. വണ്‍വേ തെറ്റിച്ചതില്‍ വിശദീകരണം നല്‍കിയ ദമ്പതികള്‍ക്ക് നേരെ അപമര്യാദയായി പെരുമാറുകയും ഗര്‍ഭിണിയായ യുവതിയുടെ വസ്ത്ര ധാരണത്തിനെതിരെ അസഭ്യവര്‍ഷം നടത്തുകയുമായിരുന്നു എന്നും പരാതിയില്‍ പറയുന്നു.
‘ഇവള്‍ ഗര്‍ഭിണി ആയിട്ടാണോ ജീന്‍സും വലിച്ചു കയറ്റി ചുണ്ടില്‍ ചായവും പൂശി നടക്കുന്നത്’ എന്ന് എസ്ഐ പറഞ്ഞതായി പരാതിയില്‍ പറയുന്നു. ഇത് സംബന്ധിച്ച് നെടുമങ്ങാട് കരിക്കുഴി സ്വദേശികളായ ദമ്പതികള്‍ മുഖ്യമന്ത്രിക്കും ഡിജിപിക്കും ഇമെയില്‍ വഴി പരാതി നല്‍കി.
ചൊവ്വാഴ്ച വൈകീട്ട് അഞ്ചേകാലോടെ താലൂക്ക് ഓഫീസിന് സമീപത്ത് നിന്ന് ഇരുചക്ര വാഹനത്തില്‍ മണക്കാട് റോഡിലേക്ക് പ്രവേശിച്ചപ്പോള്‍ വാഹന പരിശോധനയ്ക്ക് നിന്ന പോലീസുകാരുടെ സംഘം ഇരുവരെയും തടഞ്ഞു. തുടര്‍ന്ന് ഇത് വണ്‍വേ ആണെന്നും നിയമ ലംഘനം നടത്തിയതിനാല്‍ 1000 രൂപ പിഴയായി അടയ്ക്കണമെന്നും എസ്ഐ ആവശ്യപ്പെടുകയായിരുന്നു.
വണ്‍വേ ആണെന്ന് അറിയാതെ പ്രവേശിച്ചതാണെന്ന് വ്യക്തമാക്കിയ വിജിത്ത് കൈയില്‍ പണമില്ലാത്തതിനാല്‍ തുക കോടതിയില്‍ കെട്ടിവയ്ക്കാമെന്ന് പറയുകയായിരുന്നു. ഉദ്യോഗസ്ഥര്‍ ഇതിന് വഴങ്ങിയില്ലെന്ന് മാത്രമല്ല ഇരുവരെയും പിടിച്ചു നിര്‍ത്തുകയും ചെയ്തു. ഭാര്യ ഗര്‍ഭിണിയാണെന്ന് പറഞ്ഞെങ്കിലും വിട്ടയക്കാന്‍ കൂട്ടാക്കാതിരുന്ന എസ്ഐ മനഃപൂര്‍വം അപമാനിക്കുന്ന പ്രസ്താവന നടത്തിയെന്നാണ് പരാതിയില്‍ പറയുന്നത്.