തിരുവനന്തപുരം: പരിശോധനകള്‍ നടത്താതെ കൈക്കൂലി വാങ്ങി ഹെല്‍ത്ത് കാര്‍ഡ് നല്‍കിയ സംഭവത്തില്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ആര്‍എംഒയുടെ ചുമതല വഹിക്കുന്ന അസിസ്റ്റന്റ് സര്‍ജന്‍ ഡോ.വി അമിത് കുമാറിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു.
ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പ് ഡയറക്ടറുടെ നടപടി. പരിശോധനകള്‍ നടത്താതെ ആര്‍എംഒ ഉള്‍പ്പെടെയുള്ളവര്‍ 300 രൂപ കൈക്കൂലി വാങ്ങി സര്‍ട്ടിഫിക്കറ്റ് നല്‍കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
ഒന്‍പതോളം പരിശോധനകള്‍ നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തിയതിനുശേഷം ഡോക്ടര്‍ ഒപ്പിട്ടുനല്‍കുന്ന സര്‍ട്ടിഫിക്കറ്റ് കാണിച്ചാല്‍ മാത്രമാണ് ഹെല്‍ത്ത് കാര്‍ഡ് നല്‍കേണ്ടത്. ഇത്തരത്തില്‍ നല്‍കേണ്ട കാര്‍ഡുകള്‍ ഡോക്ടര്‍മാര്‍ കൈക്കൂലി വാങ്ങി ഒപ്പിട്ടുനല്‍കുകയായിരുന്നു.
ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനായാണ് സര്‍ക്കാര്‍ ഹെല്‍ത്ത് കാര്‍ഡുകള്‍ ഏര്‍പ്പെടുത്തിയത്. ഹെല്‍ത്ത് കാര്‍ഡ് ഇല്ലാത്തവരെ ഹോട്ടലുകളിലും ബേക്കറികളിലും മറ്റും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അതേസമയം, ആരോഗ്യവകുപ്പ് പുറത്തിറക്കിയ ഹെല്‍ത്ത് കാര്‍ഡുകള്‍ അടിയന്തരമായി പിന്‍വലിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. കൈക്കൂലി നല്‍കിയാല്‍ ഹെല്‍ത്ത് കാര്‍ഡ് ലഭിക്കുമെന്നത് ആരോഗ്യവകുപ്പിന് അപമാനമാണെന്നും വിഡി സതീശന്‍ കുറ്റപ്പെടുത്തി.
ഫെബ്രുവരി ഒന്ന് മുതലാണ് ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വില്‍പന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയത്.