കണ്ണൂർ: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചുണ്ടായ അപകടത്തിൽ ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കുറ്റിയാട്ടൂർ സ്വദേശിയായ പ്രജിത്ത് (32), ഭാര്യ റീഷ (26) എന്നിവരാണ് മരിച്ചത്. പ്രസവവേദനയെ തുടർന്ന് റീഷയെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കാറിന് തീപിടിച്ച് അപകടമുണ്ടായത്. വ്യാഴാഴ്ച രാവിലെ കണ്ണൂർ ജില്ലാ ആശുപത്രിക്ക് സമീപമായിരുന്നു അപകടം നടന്നത്.
മരിച്ച ഇരുവരും വാഹനത്തിന്റെ മുൻവശത്താണ് ഇരുന്നിരുന്നത്. അപകടം നടക്കുമ്പോൾ ഇവർക്കൊപ്പം ബന്ധുക്കളായ നാലുപേരും വാഹനത്തിലുണ്ടായിരുന്നു. ഇവർ പരിക്കില്ലാതെ രക്ഷപ്പെടുകയും ചെയ്തു. കാറിന്റെ വലത് വശത്തുനിന്ന് തീ ഉയരുന്നത് കണ്ട നാട്ടുകാരാണ് ഫയർഫോഴ്സിൽ വിവരം അറിയിച്ചത്, തീ ഉയരുന്നതിനിടെ പുറകിലുണ്ടായിരുന്നവർ പുറത്തിറങ്ങി ഓടി രക്ഷപ്പെടുകയായിരുന്നു.
കാർ പൂർണമായും കത്തിനശിച്ച നിലയിലാണ്. ഫയർഫോഴ്സ് എത്തി തീ അണച്ച ശേഷമാണ് ഇരുവരേയും പുറത്തെടുത്തത്. ഇരുവരും മരണപ്പെട്ടിരുന്നു. കാറിന്റെ മുൻവശത്തെ ഡോറ് തുറക്കാൻ കഴിയാത്തതാണ് രണ്ടുപേർ വെന്തുമരിക്കാൻ കാരണമെന്ന് കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ അജിത്ത് പറഞ്ഞു. കുറ്റിയാട്ടൂർ ഉരുവച്ചാൽ വിശ്വനാഥന്റെയും ശോഭയുടേയും മകളാണ് മരിച്ച റീഷ.