തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ സുരക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥരുടെ പരിശോധനകള്‍ കര്‍ശനമായി തന്നെ നടക്കുന്നുണ്ടെങ്കിലും, ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും അതൊന്നും ബാധകം അല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് അഭിഭാഷകന് ചീഞ്ഞതും ദുര്‍ഗന്ധം വമിക്കുന്നതുമായ പഴംപൊരി ലഭിച്ചു.
തിരുവനന്തപുരത്തെ അഭിഭാഷകനാണ് എയര്‍പോര്‍ട്ടില്‍ നിന്നും കേടായ ഭക്ഷണം ലഭിച്ചത്. വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെര്‍മിനലിലെ ഭക്ഷണശാലയില്‍ നിന്നാണ് അഭിഭാഷകനും ഭാര്യയും ചായയ്ക്കൊപ്പം പഴംപൊരി വാങ്ങിയത്. ഇരുവരും ഇന്നലെ അബുദാബിയിലേക്ക് പോകാന്‍ വിമാനത്തിന് കാത്തിരിക്കുമ്പോഴാണ് സംഭവം.
ഭക്ഷണം വാങ്ങിയപ്പോഴേ ദുര്‍ഗന്ധം വമിച്ചിരുന്നു. ശ്രദ്ധിച്ച് നോക്കിയപ്പോള്‍ ചീഞ്ഞ ഭക്ഷണമാണെന്ന് മനസിലായതോടെ ഉടന്‍ സ്റ്റാഫുകളെ വിളിച്ച് കാര്യം പറഞ്ഞു. കടയിലെ പരാതിപ്പെട്ടിയില്‍ പരാതി നിക്ഷേപിച്ചിട്ടുണ്ട്. മാനേജരെ വിവരം അറിയിച്ചിട്ടുണ്ടെന്ന് സ്റ്റാഫ് അറിയിച്ചതായി അദ്ദേഹം പറഞ്ഞു. ചീഞ്ഞളിഞ്ഞതാണെങ്കിലും പഴംപൊരിയുടെ വിലകേട്ടാല്‍ സാധാരണക്കാര്‍ ഞെട്ടും, 235 രൂപയാണ് ഒരു പഴംപൊരിക്ക് ഭക്ഷണശാല ഈടാക്കിയത്.