പട്ടിയുടെ ബെല്‍റ്റ് പോലെ ‘ഡോ’കള്‍ തൂക്കിയിടുന്നവര്‍: ‘പോടോ’ എന്ന് പറയാന്‍ കെല്പുള്ള കുട്ടികള്‍ കേരളത്തിലില്ലേ, ജോയ് മാത്യു

കോഴിക്കോട്: അഞ്ചും പത്തും വര്‍ഷമെടുത്ത് പിഎച്ച്ഡി നേടിയവര്‍ പലരും പേരിനുമുന്നില്‍ ‘ഡോ’ എന്ന് വയ്ക്കാന്‍ മടിക്കുന്നുണ്ട്. പിഎച്ച്ഡിക്കപ്പുറം ഇനിയും പഠിക്കാന്‍ ഒരുപാടുണ്ടെന്ന ബോധ്യമുള്ളതുകൊണ്ടാണ് അതെന്നും നടനും സംവിധായകനുമായ ജോയ് മാത്യു.

പലരും യാതൊരു നാണവുമില്ലാതെ പേരിനു മുന്നില്‍ ‘ഡോ’ എന്നു വെക്കുന്നത് കണ്ടിട്ടുണ്ടെന്നും അല്‍പന്റെ ഉളുപ്പില്ലായ്മയാണതെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.

‘ഡോ ‘ കഴുത്തില്‍ കെട്ടിത്തൂക്കിയിടുന്ന അല്പന്‍മാര്‍
എനിക്ക് നേരിട്ടറിയാവുന്ന മിടുക്കരായ എത്രയോ ഗവേഷണ വിദ്യാര്‍ത്ഥികള്‍ അഞ്ചും പത്തും അതിലധികവും വര്‍ഷമെടുത്ത് ഗവേഷണത്തിലൂടെ നേടിയെടുക്കുന്നതാണ് പി എച്ച്ഡി. എന്നിട്ടും പലരും അത് തങ്ങളുടെ പേരിനു മുന്നില്‍ വെക്കുവാന്‍ മടിക്കുന്നു. കാരണം ലളിതം; പിഎച്ച്ഡിക്കപ്പുറം ഇനിയും പഠിക്കാന്‍ ഒരുപാടുണ്ട് എന്ന് അവര്‍ക്ക് ബോധ്യമുള്ളത് കൊണ്ടാണത്.

എന്നാല്‍ അല്പന്മാരായ പലരും യാതൊരു നാണവുമില്ലാതെ പേരിനു മുമ്പില്‍ ‘ഡോ.’ എന്ന് വെക്കുന്നത് കണ്ടിട്ടുണ്ട്. എനിക്കെല്ലാം അറിയാം എന്ന അല്പന്റെ ഉളുപ്പില്ലായ്മയാണത്. അക്കാദമിക് കാര്യങ്ങള്‍ക്കായി പേരിന് മുന്‍പില്‍ ഒരു ‘ഡോ’വെച്ചോട്ടെ, അത് മനസ്സിലാക്കാം.

ഇനി ഇതൊന്നുമില്ലാത്ത ഒരു വര്‍ഗ്ഗമുണ്ട്. അവര്‍ക്ക് ഗവേഷണവും പ്രബന്ധവുമൊന്നും വേണ്ട. കാശുകൊടുത്ത് ”സര്‍വ്വകലാശാല’ എന്ന ഒരു ഉടായിപ്പ് ബോര്‍ഡും വെച്ചിരിക്കുന്ന വിദേശത്തെ ഏതെങ്കിലും കടയില്‍ നിന്നും ലോകത്തില്‍ എവിടെയുമില്ലാത്ത വിഷയത്തില്‍ ഒരു ‘ഡോ’ വാങ്ങിവരും.

ഒന്നിലധികം ‘ഡോ’കള്‍ വാങ്ങുന്ന അല്പന്മാരുടെ മൂത്താപ്പമാരും ഈ നാട്ടിലുണ്ട്. പട്ടിയുടെ കഴുത്തിലെ ബെല്‍റ്റ് പോലെ ‘ഡോ’കള്‍ തൂക്കിയിടുന്ന ഇവരെ ‘ഡോ’ എന്ന് വിളിക്കുന്നതിനു പകരം ‘പോടോ’ എന്ന് പറയാന്‍ കെല്പുള്ള കുട്ടികള്‍ കേരളത്തിലില്ലെന്നോ?

Exit mobile version