ഗൂഡല്ലൂർ: മകളുടെ മാമോദീസാ ചടങ്ങ് തീരുമാനിക്കാനുള്ള യാത്രയിലുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഗൂഡല്ലൂരിൽ നിന്നും പാടുന്തറയിലെ ഭാര്യാവീട്ടിലേക്ക് പോവുന്നതിനിടെ സ്‌കൂട്ടർ റോഡിലെ ഹമ്പിൽ വെച്ച് അപകടത്തിപ്പെടുകയായിരുന്നു. വയനാട് നിരവിൽപ്പുഴ തൊണ്ടനാട് മക്കിയാട്ടെ പൊർളോം നെല്ലേരി കിഴക്കേകുടിയിൽ ബേബിയുടെയും ജെസ്സിയുടെയും മകൻ ജിബിനാണ് മരിച്ചത്. 28 വയസായിരുന്നു.
ഗൂഡല്ലൂരിന് സമീപം പാടുന്തറയിൽ മാത്തുക്കുട്ടി എസ്റ്റേറ്റിന് സമീപം ബസ്സ്റ്റോപ്പിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റ സഹോദരൻ ജോബിൻ ഗുരുതരപരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. മകൾ ജനിച്ചിട്ട് 80 ദിവസം മാത്രമാണ് ആയത്. കുട്ടിയുടെ മാമോദീസച്ചടങ്ങുകൾ തീരുമാനിക്കാനാണ് ജിബിൻ സഹോദരനോടൊപ്പം പാടുന്തറ ചക്കിച്ചിവയലിലെ ഭാര്യവീട്ടിലേക്കുള്ള യാത്രയാണ് അവസാന യാത്രയായത്.
ഞായറാഴ്ച രാത്രി പത്തുമണിയോടെ ഹമ്പിൽനിന്ന് വീണ ബൈക്കിന്റെ പിന്നിലിരിക്കുകയായിരുന്ന ജിബിൻ റോഡിൽ തെറിച്ചുവീണ് തലയിടിച്ചാണ് മരിച്ചത്. യാത്രക്കാരുടെ ശ്രദ്ധയിൽപ്പെടാത്ത രീതിയിലാണ് ഹമ്പ് നിർമ്മിച്ചിരിക്കുന്നതെന്ന് നാട്ടുകാരും ആരോപിച്ചു. ഭാര്യ: പുനിത മേരി. മറ്റൊരു സഹോദരൻ ജോഷിൻ.
Discussion about this post