കൊച്ചി: സോഷ്യല്‍മീഡിയ വഴി നടനും അമ്മ ജനറല്‍ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ അസഭ്യം പറയുന്ന വീഡിയോ പങ്കുവെച്ച രണ്ട് പേര് കസ്റ്റഡിയില്‍. തിരുവനന്തപുരം സ്വദേശികളായ കൃഷ്ണപ്രസാദ്(59), വിവേക്(30) എന്നിവരാണ് അറസ്റ്റിലായത്.
കൊച്ചി സിറ്റി സൈബര്‍ സെല്‍ പോലീസാണ് ഇരുവരും കസ്റ്റഡിയിലെടുത്തത്. നടന് ഇടവേള ബാബുവിനെ നാല് ദിവസങ്ങള്‍ക്ക് മുമ്പാണ് ഇവര്‍ ഇന്‍സ്റ്റഗ്രാം വഴി അസഭ്യം പറഞ്ഞുകൊണ്ട് വീഡിയോ പങ്കുവെച്ചത്. ഡവറയോളി എന്ന പേരാണ് കൃഷ്ണപ്രസാദിന്റെ യൂട്യൂബ് ചാനലിന്റെ പേര്.
വീഡിയോ ശ്രദ്ധയില്‍പ്പെട്ടതോടെ നടന് സൈബര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു. താരസംഘടനയായ അമ്മയേയും തന്നെയും അപമാനിക്കുന്നുവെന്ന ഇടവേള ബാബുവിന്റെ പരാതിയെ തുടര്‍ന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്.
വിനീത് ശ്രീനിവാസന് നായകനായി എത്തിയ ‘മുകുന്ദന് ഉണ്ണി അസ്സോസിയേറ്റ്സ്’ എന്ന ചിത്രം ഫുള്‍ നെഗറ്റീവ് ആണെന്നും ഇത്തരത്തില്‍ ഒരു സിനിമയ്ക്ക് എങ്ങനെ സെന്‍സറിംഗ് കിട്ടിയെന്ന് തനിക്ക് അറിയില്ലെന്നും ഇടവേള ബാബു പറഞ്ഞിരുന്നു. ഈ സംഭവത്തിന് പിന്നാലെയായിരുന്നു അസഭ്യം പറയുന്ന വീഡിയോ സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടത്.