തിരുവനന്തപുരം: കോവളത്ത് വീട്ടമ്മ ബൈക്ക് അപകടത്തില്‍ മരിച്ച് റേസിങ് മൂലമല്ലെന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട്. സംഭവത്തില്‍ റേസിങ് നടന്നതിന് തെളിവില്ലെന്നാണ് റിപ്പോര്‍ട്ട്. അമിത വേഗതയാണ് അപകടത്തിന് കാരണമായത്. വീട്ടമ്മ അശ്രദ്ധമായി റോഡ് മുറിച്ച് കടന്നതും അപകടത്തിന് കാരണമായെന്ന് മോട്ടോര്‍ വാഹന വകുപ്പ് പറഞ്ഞു.
ബൈക്ക് അപകടത്തില്‍ വാഴമുട്ടം സ്വദേശി സന്ധ്യയും ബൈക്ക് യാത്രികനായ യുവാവും മരിച്ചു. റോഡ് മുറിച്ചുകടക്കുകയായിരുന്ന വീട്ടമ്മയെ ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ സന്ധ്യ 200 മീറ്ററോളം തെറിച്ച് പോയതായി നാട്ടുകാര്‍ പറഞ്ഞു. സന്ധ്യ സംഭവ സ്ഥലത്ത് വച്ചു തന്നെ മരിച്ചു.
വീഴ്ചയില്‍ പരുക്കേറ്റ ബൈക്ക് യാത്രികന്‍ അരവിന്ദ് സമീപത്തെ ഓടയിലേക്ക് തെറിച്ചു വീണു. ഗുരുതരമായി പരുക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കും പിന്നീട് സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലും രക്ഷിക്കാനായില്ല.
പ്രദേശത്ത് ഞായറാഴ്ചകളില്‍ യുവാക്കള്‍ ബൈക്ക് റേസിംഗ് നടത്തുന്നത് സ്ഥിരം കാഴ്ചയാണെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു. ഇത്തരത്തില്‍ റേസിങ് നടത്തുന്നവരുടെ ലൈസന്‍സ് റദ്ദാക്കുമെന്നും വാഹനപരിശോധന ശക്തമാക്കുമെന്നും മോട്ടോര്‍ വാഹനവകുപ്പ് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.