തിരുവനന്തപുരം; കോവളത്ത് ബൈക്കപകടത്തില്‍ രണ്ടുപേര്‍ മരിച്ചത് റേസിങിനെ തുടര്‍ന്നല്ലെന്ന് വ്യക്തമാക്കി മോട്ടോര്‍വാഹന വകുപ്പ്. പനത്തുറ തുരുത്തിക്കോളനി വീട്ടില്‍ എല്‍.സന്ധ്യ(53), പട്ടം പൊട്ടക്കുഴിയില്‍ അരവിന്ദ്(23) എന്നിവരാണ് മരിച്ചത്.
അമിത വേഗതയാണ് അപകടകാരണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. അപകടം നടക്കുന്ന സമയത്ത് വാഹനത്തിന്റെ വേഗത 100 കിലോമീറ്ററിനു മുകളിലായിരുന്നു. നാട്ടുകാര്‍ ആരോപിക്കുന്നതുപോലെ റേസിങ്ങിന് തെളിവ് ഇല്ല. അശ്രദ്ധയോടെ റോഡ് മുറിച്ചു കടന്നതും അപകടകാരണമായി എന്നാണ് മോട്ടോര്‍വാഹനവകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ ദിവസം രാവിലെയായിരുന്നു നാടിനെ നടുക്കിയ അപകടം. അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ച് വീട്ടുജോലിക്ക പോകുകയായിരുന്ന വഴിയാത്രക്കാരിയും ബൈക്ക് യാത്രികനുമാണ് മരിച്ചത്. അരവിന്ദ് ഇന്‍സ്റ്റഗ്രാം റില്‍സ് എടുത്ത് തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തില്‍ റോഡിലെ ഡിവൈഡറിലേക്കു തെറിച്ചുവീണാണ് സന്ധ്യ മരിച്ചത്.
സന്ധ്യയുടെ ഇടതുകാല്‍ മുറിഞ്ഞുമാറി റോഡില്‍ വീണു. തല പൊട്ടിയും കഴുത്തൊടിഞ്ഞുമാണ് ഡിവൈഡറിലെ കുറ്റിക്കാട്ടില്‍ മൃതദേഹം കിടന്നിരുന്നത്. ചികിത്സയിലിരിക്കെയാണ് അരവിന്ദ് മരിച്ചത്.