കൊച്ചി: ശബരിമലയില്‍ യുവതി പ്രവേശനം നടന്ന് ആചാരലംഘനം ഉണ്ടായാല്‍ നട അടയ്ക്കുമെന്ന് തന്ത്രി പറഞ്ഞപ്പോള്‍ അന്ന് അപമാനിച്ച മുഖ്യമന്ത്രിക്ക് ഇന്ന് തന്ത്രി നടയടച്ചിട്ട് മറുപടി നല്‍കുകയായിരുന്നെന്ന് രാഹുല്‍ ഈശ്വര്‍. നട അടയ്ക്കാന്‍ ദേവസ്വം ബോര്‍ഡിനോടോ സര്‍ക്കാരിനോടോ ആലോചിക്കേണ്ട ആവശ്യം തന്ത്രിയ്ക്കില്ലെന്ന് ഇപ്പോള്‍ മനസിലായില്ലേ എന്നും രാഹുല്‍ ഫേസ്ബുക്ക് ലൈവിലൂടെ ചോദിക്കുന്നു. തന്ത്രിയുടെ കോന്തലയില്‍ തന്നെയാണ് താക്കോലെന്ന് ഇന്ന് മുഖ്യമന്ത്രിയ്ക്ക് മനസിലായില്ലേ എന്നും രാഹുല്‍ ചോദിച്ചു.
തുലാമാസ പൂജകളുടെ സമയത്ത്, ശബരിമലയില്‍ യുവതി പ്രവേശനമുണ്ടായാല്‍ നടയടച്ചിടുമെന്ന് ശബരിമല തന്ത്രി അറിയിച്ചിരുന്നു. ഇതിന് മറുപടി പറയവെ അധികാരത്തിന്റെ താക്കോല്‍ ആരുടേയും കോന്തലയിലാണെന്ന് ധരിക്കരുതെന്ന് മുഖ്യമന്ത്രി തിരിച്ചടിച്ചിരുന്നു. ഈ പ്രയോഗം ഏറ്റെടുത്താണ് രാഹുല്‍ ഈശ്വറിന്റെ ഫേസ്ബുക്ക് ലൈവ് വീഡിയോ.
പ്രധാനമന്ത്രി നരേന്ദ്രമോഡി അടക്കം ശബരിമലയെ പിന്തുണച്ച് രംഗത്തെത്തിയ സാഹചര്യത്തിലാണ് യുവതീ പ്രവേശം നടന്നത്. രാത്രിയുടെ മറവില്‍ യുവതികളുമായി പോലീസ് സന്നിധാനത്തേക്ക് എത്തുമ്പോള്‍, ചോദിച്ച ഭക്തരോട് ഇവര്‍ ട്രാന്സ്ജെന്ററുകളാണെന്നാണ് മറുപടി കൊടുത്തതെന്നും രാഹുല്‍ ഈശ്വര്‍ ആരോപിക്കുന്നു.
ശബരിമലയില്‍ മുഖ്യമന്ത്രിയും പോലീസും നടത്തിയ വളരെ തരംതാണ പ്രവൃത്തിയാണ്. ജനുവരി 22 ന് കേസ് പരിഗണിക്കുമ്പോള്‍ ഇത് സര്‍ക്കാര്‍ ആയുധമാക്കിയേക്കാമെങ്കിലും പോരാട്ടവുമായി മുന്നോട്ടുപോകുമെന്ന് രാഹുല്‍ വ്യക്തമാക്കുന്നു. ദേവസ്വം ബോര്‍ഡ് സാവകാശ ഹര്‍ജി കൊടുത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രിയുടെ ഗൂഢാലോചന നടത്തി യുവതികളെ കയറ്റിയത് ഹിന്ദുക്കളെ വഞ്ചിക്കുന്നതിന് തുല്യമാണെന്ന് രാഹുല്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.
ഇന്ന് പുലര്‍ച്ചെ 3.30യോടെയാണ് അഡ്വ. ബിന്ദുവും കനക ദുര്‍ഗ്ഗയും ശബരിമലയില്‍ ദര്‍ശനം നടത്തിയത്. വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ സംഘപരിവാര്‍ സംഘട
നകളുടേയും ബിജെപിയുടേയും നേതൃത്വത്തില്‍ സംസ്ഥാനത്തൊട്ടാകെ പ്രതിഷേധ മാര്‍ച്ചും ആക്രമണവും നടക്കുകയാണ്.
Discussion about this post