പാലക്കാട്: കോഴിക്കൂട്ടിൽ കൈ കുരുങ്ങി രക്ഷപ്പെടാൻ ആകാതെ അകപ്പെട്ട പുലിക്ക് ദരുണമരണം. മണ്ണാർക്കാട് കോഴിക്കൂട്ടിൽ കൈകുരുങ്ങിയ പുലി മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടാനാകാതെ ചത്തു. മണ്ണാർക്കാട് മേക്കളപ്പാറയിലാണ് കോട്ടേപ്പാടം കുന്തിപ്പാടത്ത് പൂവത്താണി ഫിലിപ്പിന്റെ വീട്ടിൽ വെച്ചാണ് പുലി കോഴിക്കൂട്ടിൽ കുരുങ്ങിയത്.
കോഴിക്കൂട്ടിലെ ഇരുമ്പ് വലയിൽ കൈകുരുങ്ങിയ നിലയിൽ കണ്ടെത്തിയപുലി ഏറെ നേരം ഈ നിലയിൽ തുടർന്നതിനെത്തുടർന്ന് ഹൃദയാഘാതം ഉണ്ടായതാവാം മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
പിന്നീട് ഇരുമ്പ് വല മുറിച്ചുമാറ്റി പുലിയെ പുറത്തെടുത്തു. വെറ്റിനറി സർജൻ ഡോ. അരുൺ സഖറിയ എത്തി മയക്കുവെടിവെച്ച് പിടികൂടാനിരിക്കെയാണ് പുലിക്ക് അന്ത്യം സംഭവിച്ചത്.
വലക്ക് ഉള്ളിൽ കുടുങ്ങിയ പുലിയുടെ കൈയ്ക്ക് കാര്യമായ പരിക്ക് പറ്റിയിട്ടുണ്ട്. പുലിയെ പുറത്തെത്തിച്ച് വനംവകുപ്പ് മറ്റ് നടപടികളിലേക്ക് കടന്നു.
കൈക്ക് പുറമേ ചുണ്ടിനും മുറിവേറ്റിറ്റുണ്ട്.
ഇത് മരണകാരണമാകാൻ സാധ്യതയില്ലെങ്കിലും കൂടുതൽ സമയം ശരീരത്തിന്റെ ഭാരം വഹിച്ച് വലയിൽ കുടുങ്ങിയതാവാം മരണകാരണമെന്നാണ് കരുതുന്നത്.ആറു മണിക്കൂറിലധികമാണ് പുലി വലയിൽ കുടുങ്ങിക്കിടന്നത്. പോസ്റ്റ്മോർട്ടം നടപടികളിലേക്ക് നീങ്ങുകയാണ് വനംവകുപ്പ്.
ഈ പ്രദേശത്ത് മുമ്പും പുലിയുടെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.