ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ 55 കോടി ചെലവില്‍ മികച്ച ആശുപത്രി സ്ഥാപിക്കുന്നതിന് സഹായം ചെയ്യാമെന്ന് സമ്മതം മൂളി റിലയന്‍സ് ഗ്രൂപ്പ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനി. പ്രതിശ്രുത വധു രാധിക മെര്‍ച്ചനിനൊപ്പം ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിന് എത്തിയതായിരുന്നു ആനന്ദ് അംബാനി.
ക്ഷേത്ര ദര്‍ശനത്തിന് ശേഷം ദേവസ്വം ചെയര്‍മാന്‍ ഡോ. വി.കെ.വിജയനോടാണ് ആശുപത്രിക്കുള്ള സഹായം ചെയ്യാമെന്ന് സൂചിപ്പിച്ചത്. സെപ്റ്റംബറില്‍ മുകേഷ് അംബാനി ദര്‍ശനത്തിന് വന്നപ്പോള്‍ ആധുനിക സൗകര്യങ്ങളുള്ള ഒരു ആശുപത്രി നിര്‍മിക്കുന്നതിന് സഹായിക്കണം എന്ന് ദേവസ്വം അഭ്യര്‍ഥിച്ചിരുന്നു.
അന്ന് വിശദമായ പദ്ധതിരേഖ തയാറാക്കാന്‍ അദ്ദേഹം നിര്‍ദേശിച്ചിരുന്നു. ഇതനുസരിച്ച് 55 കോടി രൂപ ചെലവ് വരുന്ന ആശുപത്രിയുടെ വിശദ പദ്ധതിരേഖ (ഡിപിആര്‍) ദേവസ്വം തയാറാക്കി. പ്ലാന്‍ ജില്ല ടൗണ്‍ പ്ലാനര്‍ക്ക് സമര്‍പ്പിച്ചു. അനന്ത് അംബാനിയോട് ഇക്കാര്യം ചെയര്‍മാന്‍ പറഞ്ഞതോടെ ദേവസ്വം മെഡിക്കല്‍ സെന്ററിന്റെ കാര്യം തങ്ങള്‍ ചര്‍ച്ച ചെയ്തിരുന്നു എന്നും വേണ്ടത് ചെയ്യാം എന്നും അറിയിച്ചു.
കൂടാതെ ചെയര്‍മാന്‍ കൈമാറിയ ഡിപിആര്‍ സ്വീകരിച്ച അനന്ത് തുടര്‍നടപടികള്‍ക്ക് റിലയന്‍സ് ഉദ്യോഗസ്ഥരെ അയയ്ക്കാമെന്ന് അറിയിച്ചു. ക്ഷേത്ര നഗരിയില്‍ ദേവസ്വം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത് എല്ലാവിധ രോഗങ്ങള്‍ക്കും ചികിത്സ ലഭിക്കുന്ന അത്യാധുനിക ആശുപത്രിയാണ്.
80,000 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ ഒരുക്കുന്ന ആശുപത്രിക്ക്‌ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ലോര്‍ അടക്കം 5 നിലകളാണ് കെട്ടിടത്തിന്. 2 നിലകളില്‍ പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കുമുള്ള വാര്‍ഡ്. ഒരു നിലയില്‍ മുറികള്‍. ബേസ്‌മെന്റില്‍ കാര്‍ പാര്‍ക്കിങ്. ഡയാലിസിസ്, കാര്‍ഡിയോളജി, ഗൈനക്കോളജി, ശസ്ത്രക്രിയ സൗകര്യങ്ങള്‍ ഉണ്ടാകും.ഇത് സൂപ്പര്‍ സ്‌പെഷല്‍റ്റി ആശുപത്രി ആയിരിക്കില്ല