കൽപറ്റ: താമരശ്ശേരി ചുരത്തിലെ വ്യൂപോയന്റിൽ വെച്ച് കെഎസ്ആർടിസി ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു. നിറയെ യാത്രികരുമായി എത്തിയ ബസ് വലിയ ദുരന്തത്തിൽ കരകയറിയത് ഡ്രൈവറുടെ മനോധൈര്യത്തിലാണ്. ഹാൻഡ് ബ്രേക്കിട്ടാണ് ബസ് നിർത്തിയത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ചേമുക്കാലിന് കോഴിക്കോട്ടേക്ക് പോവുന്നതിനിടെയാണ് സംഭവം നടന്നത്.
വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു; വരുന്ന നാല് മാസത്തേക്ക് യൂണിറ്റിന് ഒമ്പത് പൈസയുടെ വര്‍ധന
വ്യൂപോയന്റിന്റെ തുടക്കത്തിൽ വെച്ച് ഗിയർമാറ്റാനായി ബ്രേക്ക് ചവിട്ടിയപ്പോഴാണ് എയർസംവിധാനത്തിൽ പ്രശ്നമുണ്ടെന്ന് ഡ്രൈവർക്ക് മനസിലായത്. തുടർന്ന് ഗിയർ ഡൗൺചെയ്ത് പെട്ടെന്നുതന്നെ ഹാൻഡ് ബ്രേക്കിട്ട് ബസ് നിർത്തുകയായിരുന്നു. മൂന്നുമീറ്ററോളം മുന്നോട്ടുപോയശേഷമാണ് ബസ് നിന്നത്. വലിയൊരു അപകടത്തിൽ നിന്നാണ് ഡ്രൈവർ സി. ഫിറോസ് യാത്രികരെ സുരക്ഷിതമാക്കിയത്.
ബംഗളൂരുവിൽ നിന്ന് വരുകയായിരുന്ന സൂപ്പർഡീലക്സ് എയർബസിൽ കാലിക്കറ്റ് സർവകലാശാലയിലെ കായികതാരങ്ങളടക്കം 37 യാത്രക്കാരുണ്ടായിരുന്നുവെന്ന് ഫിറോസ് പറയുന്നു. എല്ലാവരും ഉറക്കത്തിലായതിനാൽ ബ്രേക്കിട്ട് ബസ് നിർത്തിയശേഷമാണ് യാത്രക്കാർ പോലും വിവരം അറിഞ്ഞത്. തൊട്ടുമുന്നിൽ വലിയ താഴ്ചയാണ്. അഥവാ ബസ് നിയന്ത്രിക്കാൻ കഴിഞ്ഞില്ലെങ്കിൽ വൻ അപകടമാണുണ്ടാവുക. ആ നിമിഷം ഓർക്കുമ്പോൾ ഇപ്പോഴും വിറയൽ വരുകയാണെന്ന് ഫിറോസ് പറയുന്നു.
ഒന്നുകിൽ ഹാൻഡ്ബ്രേക്കിട്ട് നിർത്തുക, അല്ലെങ്കിൽ വലതുവശത്തെ പാറയിൽ ചെന്ന് ഇടിച്ചുനിർത്തുക ഈ രണ്ടുവഴികളേ മുന്നിലുണ്ടായിരുന്നുള്ളൂവെന്നും ഫിറോസ് കൂട്ടിച്ചേർത്തു. ഫിറോസും കണ്ടക്ടർ വിവേകും ചേർന്ന് ഉടൻതന്നെ തൊട്ടുപിറകിൽവന്ന ബസിൽ കയറ്റിവിട്ടതുകൊണ്ട് ആളുകൾക്കും കാത്തുനിൽക്കേണ്ടിവന്നില്ല. കോഴിക്കോട് കുന്ദമംഗലം പൊയിൽതാഴം സ്വദേശിയാണ് ഫിറോസ്. വർഷങ്ങളോളം നാഷണൽ പെർമിറ്റ് ലോറിഡ്രൈവറായിരുന്നു.