പറവൂർ: താലികെട്ടിന് തൊട്ടുമുൻപ് വിവാഹത്തിൽ നിന്ന് പിന്മാറി വരൻ. പറവൂർ പറയകാട് ഗുരുതിപ്പാടം ഭഗവതി ക്ഷേത്രത്തിലാണ് നാടകീയ സംഭവ വികാസങ്ങൾ അരങ്ങേറിയത്. താലികെട്ടാൻ ഒരുങ്ങവെ വരനോട് വധു ഒരു സ്വകാര്യം പറഞ്ഞതോടെയാണ് വരൻ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചത്.
വടക്കേക്കര പരുവത്തുരുത്ത് സ്വദേശിനിയായ യുവതിയും തൃശ്ശൂർ അന്നമനട സ്വദേശിയായ യുവാവും തമ്മിലുള്ള വിവാഹമാണ് നിശ്ചയിച്ചിരുന്നത്. ക്ഷേത്രത്തിലേയ്ക്ക് ആദ്യം വധുവിന്റെ സംഘമാണെത്തിയത്. പിന്നീട് വരന്റെ ബന്ധുക്കളും എത്തി. ക്ഷേത്രനടയിൽ നിശ്ചിത സമയത്ത് താലി ചാർത്തുന്നതിനുള്ള കർമങ്ങൾ നടക്കവേ കാർമികൻ നിർദേശിച്ചിട്ടും വധു വരണമാല്യം അണിയിക്കാതെ മടിച്ചുനിന്നു.
തുടർന്ന് യുവതി വരനോട് താൻ മറ്റൊരാളുമായി പ്രണയത്തിലാണെന്ന് അറിയിക്കുകയായിരുന്നു. ഈ വിവാഹത്തിന് സമ്മതമല്ലെന്നും വീട്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇതുവരെ കാര്യങ്ങൾ എത്തിച്ചതെന്നും യുവതി അറിയിച്ചു. സംഭവത്തിലെ യാഥാർഥ്യം ബോധ്യപ്പെട്ട വരൻ താലി ചാർത്തുന്നതിൽ നിന്നു പിൻമാറുകയായിരുന്നു. നാടകീയ രംഗങ്ങൾക്കൊടുവിൽ വരനോടൊപ്പമെത്തിയ ബന്ധുക്കൾ വടക്കേക്കര പോലീസിൽ വിവരമറിയിച്ചു. ഒടുവിൽ പോലീസെത്തി ഇരുകൂട്ടരെയും സ്റ്റേഷനിൽ വിളിപ്പിച്ചു.
‘തിരിച്ചുവരവ് പ്ലാന്‍ ചെയ്യരുത്, 57 വയസുകാരന്റെ ഉപദേശമായി കണ്ടാല്‍ മതി’: ഷാരൂഖ് ഖാന്‍
അനുരഞ്ജന ചർച്ചയിൽ ഇരുകൂട്ടരും രമ്യതയിൽ തന്നെ പിരിഞ്ഞു. വരന്റെ കുടുംബത്തിനുണ്ടായ ചെലവ് നഷ്ടപരിഹാരമായി നൽകാനും തീരുമാനമായി. വധു എം.കോം. ബിരുദധാരിയാണ്. ഏതാനും മാസങ്ങൾക്കു മുമ്പ് യുവതിയെ പെണ്ണുകാണാനെത്തിയ യുവാവും യുവതിയും തമ്മിൽ സൗഹൃദത്തിലാകുകയായിരുന്നു. അത് ഉപേക്ഷിച്ച് ബന്ധുക്കൾ പുതിയ വിവാഹം ഉറപ്പിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. ശേഷം, വിവാഹത്തിന് അടുത്ത ദിവസം പറവൂർ രജിസ്ട്രാർ ഓഫീസിൽ പൊതുപ്രവർത്തകരുടെ സാന്നിധ്യത്തിൽ യുവതിയും ഇഷ്ടത്തിലായിരുന്ന യുവാവുമായി വിവാഹവും നടത്തി.