പാലക്കാട്: കുഞ്ഞ് ജനിച്ചതിന്റെ സന്തോഷത്തില്‍ ബന്ധുക്കള്‍ വിതരണം ചെയ്ത ചോക്ലേറ്റില്‍ പുഴുവിനെ കണ്ടെന്ന പരാതിയെ തുടര്‍ന്ന് ബേക്കറി പൂട്ടി. പാലക്കാട് മേപ്പറമ്പ് സ്വദേശി സന്തോഷിന്റെ പരാതിയിലാണ് നടപടി.
നഗരത്തിലെ ബേക്കറിയില്‍ നിന്നാണ് കഴിഞ്ഞദിവസം സന്തോഷ് ചോക്ലേറ്റ് വാങ്ങിയത്. കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെ നിരവധിപേര്‍ മിഠായി കഴിച്ചു. ഇതിനിടയിലാണ് ഒരു മിഠായിക്കുള്ളില്‍ പുഴുവിനെ കണ്ടെത്തിയത്. ബാക്കിയുണ്ടായിരുന്ന മുഴുവന്‍ മിഠായിയിലും സമാനരീതിയില്‍ പുഴുക്കളെ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് ടൗണ്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
സന്തോഷിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ബേക്കറിയില്‍ നടത്തിയ പരിശോധനയില്‍ സമാനരീതിയില്‍ പുഴു ഉള്ള ചോക്ലേറ്റുകള്‍ പിടികൂടി. ഭക്ഷ്യസുരക്ഷവിഭാഗത്തിന്റെ പരിശോധനയില്‍ വൃത്തിഹീനമായ അന്തരീക്ഷത്തിലെ നിര്‍മ്മാണം ഉള്‍പ്പെടെയുള്ള പിഴവുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ബേക്കറി പൂട്ടിക്കുകയായിരുന്നു.