അച്ഛന്റെയും അമ്മയുടെയും സാന്നിധ്യത്തിൽ ഒരു സല്യൂട്ട്; മനസിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായ സന്തോഷം പങ്കിട്ട് കളക്ടർ കൃഷ്ണതേജ

Collector Krishna Teja | Bignewslive

ഐഎഎസ്സുകാരനാകണമെന്ന് ആഗ്രഹിച്ച നാൾ മുതൽ മനസ്സിൽ കൊണ്ടുനടന്ന ആഗ്രഹം സഫലമായെന്ന് ആലപ്പുള കളക്ടർ വിആർ കൃഷ്ണതേജ. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം കുറിപ്പ് പങ്കിട്ടത്. ഏറെ കാലമായുള്ള സ്വപ്നം സാക്ഷാത്കരിക്കാനായതിനെ കുറിച്ചും പ്രതിസന്ധികളെ തരണം ചെയ്ത് വിജയത്തിലേക്ക് മുന്നേറാനുള്ള സന്ദേശവും കൃഷ്ണ തേജ പങ്കുവെയ്ക്കുന്നു.

റിപബ്ലിക് ദിനത്തിൽ അച്ഛന്റേയും അമ്മയുടേയും സാന്നിധ്യത്തിൽ സല്യൂട്ട് സ്വീകരിക്കണമെന്നതായിരുന്നു ആഗ്രഹം. ഐഎഎസ് സ്വപ്നം മനസ്സിൽ കൊണ്ടുനടന്ന കാലം മുതലുള്ള ആഗ്രഹം റിപ്പബ്ലിക് ദിനത്തിൽ സഫലമായപ്പോഴാണ് ആ സന്തോഷം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.

സല്യൂട്ട് സ്വീകരിച്ചതിന് ശേഷം അച്ഛന്റേയും അമ്മയുടേയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് കണ്ടുവെന്നും ഒരുപാട് വർഷത്തെ പരിശ്രമത്തിന് പുറമേ നിരവധി പ്രതിസന്ധികളെയും തരണം ചെയ്താണ് തന്റെ സ്വപ്നം സാക്ഷാത്കരിക്കാനായതെന്നും അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണ രൂപം;

ഐ.എ.എസ്. എന്ന സ്വപ്നം എന്നിൽ പൊട്ടിമുളച്ച നിമിഷം മുതൽ ഞാൻ മനസിൽ കൊണ്ടു നടന്ന ആഗ്രഹം ഇന്ന് നിറവേറ്റാനായി. നമ്മുടെ ഇന്ത്യ മഹാരാജ്യത്തിൻറെ ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നായ റിപബ്ലിക് ദിനത്തിൽ ഞാൻ സല്യൂട്ട് സ്വീകരിക്കുന്നത് എൻറെ അച്ഛൻറെയും അമ്മയുടേയും സാന്നിധ്യത്തിൽ ആകണമെന്നതായിരുന്നു ആ സ്വപ്നം. ഇന്ന് എൻറെയാ വലിയ സ്വപ്നം സാക്ഷാത്ക്കരിക്കാനായി.
അച്ഛൻറെയും അമ്മയുടേയും കൂടെയാണ് ഞാനിന്ന് റിപബ്ലിക് ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കാനെത്തിയത്. എൻറെ സമീപത്തായി സദസിൽ അവരും ഉണ്ടായിരുന്നു. ഞാൻ സല്യൂട്ട് സ്വീകരിച്ചതിന് ശേഷം അച്ഛൻറേയും അമ്മയുടേയും കണ്ണുകൾ സന്തോഷം കൊണ്ട് നിറയുന്നത് കണ്ടു. ഒരുപാട് വർഷത്തെ പരിശ്രമത്തിന് പുറമേ നിരവധി പ്രതിസന്ധികളെയും തരണം ചെയ്താണ് ഇന്ന് എൻറെ സ്വപ്നം സാക്ഷാത്ക്കരിക്കാനായത്.
ജീവിത്തിൽ നിങ്ങൾക്ക് ഇഷ്ടപ്പെട്ട മേഖലയിൽ ആഗ്രഹിച്ച വിജയം നേടാനാകാതെ തളരുന്നു എന്ന് തോന്നുമ്പോൾ നമ്മുടെ അച്ഛൻറേയും അമ്മയുടേയും മുഖം ഓർക്കണം. നമ്മുടെ സ്വപ്നം സാക്ഷാത്ക്കരിച്ച് നമ്മൾ വിജയിച്ച് കാണുമ്പോൾ അവരുടെ മുഖത്തുണ്ടാവുന്ന സന്തോഷം നമ്മുടെ മനസിലേക്ക് കൊണ്ട് വരണം. ആ ഒരു ചിന്ത മാത്രം മതി ഏത് പ്രതിസന്ധിയേയും തരണം ചെയ്ത് വിജയത്തിലേക്ക് മുന്നേറാൻ.
എല്ലാവർക്കും എൻറെ റിപബ്ലിക് ദിനാശംസകൾ.

Exit mobile version