കൊച്ചി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയ സാഹചര്യത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ ആഞ്ഞടിച്ച് ബിജെപി നേതാവ് കെ സുരേന്ദ്രന്‍.
പിണറായി വിജയാ ഇത് അന്തസ്സിലാത്ത പണിയായിപ്പോയെന്നും ഭീരുക്കള്‍ക്ക് മാത്രം എടുക്കാന്‍ കഴിയുന്ന നിലപാടാണിതെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. പുറകുവശത്തുകൂടി ആക്ടിവിസ്ടുകളെ അകത്തുകയറ്റി സംതൃപ്തി അടയാന്‍ മനോരോഗമുള്ളയൊരാള്‍ക്കുമാത്രമേ കഴിയൂവെന്നും ചരിത്രം താങ്കളെ എക്കാലത്തും അപഹസിക്കുക തന്നെ ചെയ്യുമെന്നും സുരേന്ദ്രന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം
‘ പിണറായി വിജയാ ഇത് അന്തസ്സില്ലാത്ത പണിയായിപ്പോയി. പച്ചമലയാളത്തില്‍ പറഞ്ഞാല്‍ ഭീരുക്കള്‍ക്ക് മാത്രം എടുക്കാന്‍ കഴിയുന്ന നിലപാട്. ആരുമറിയാതെ ഇരുട്ടിന്റെ മറവില്‍ പുറകുവശത്തുകൂടി ആക്ടിവിസ്ടുകളെ അകത്തുകയറ്റി സംതൃപ്തി അടയാന്‍ മനോരോഗമുള്ളയൊരാള്‍ക്കുമാത്രമേ കഴിയൂ. താങ്കളോട് വിയോജിക്കുമ്പോഴും ഒരു മതിപ്പുണ്ടായിരുന്നു. ഇപ്പോള്‍ തീര്‍ത്തും സഹതാപം തോന്നുന്നു താങ്കളോട്.
ലജ്ജിക്കുന്നു പിണറായി വിജയന്‍ താങ്കളെയോര്‍ത്ത്. ചരിത്രം താങ്കളെ എക്കാലത്തും അപഹസിക്കുക തന്നെ ചെയ്യും.