പാലക്കാട്: അമ്മയുടെ ചികിത്സയ്ക്കിടെ പാലക്കാട് നിന്നും പതിനഞ്ച് വര്‍ഷം മുമ്പ് കാണാതായ കുട്ടിയെ കോഴിക്കോട് ജില്ലയില്‍ നിന്നും പോലീസ് കണ്ടെത്തി. 2008-ല്‍ കാണാതായ ലിംനേഷിനെ(26) ആണ് കോഴിക്കോട് ജില്ലയിലെ പെരിങ്ങളത്തുനിന്ന് പോലീസ് വര്‍ഷങ്ങള്‍ക്കിപ്പുറം കണ്ടെത്തിയത്.
അമ്മയുടെ ചികിത്സയ്ക്കായി എത്തിയ ലിംനേഷിനെ ഇടക്കുറിശ്ശി തിരുകുടുംബാശ്രമത്തില്‍ നിന്നാണ് കാണാതായത്. 2008-ല്‍ അമ്മയുടെ ചികിത്സാവശ്യത്തിനായി പാലക്കാട് എത്തിയതായിരുന്നു 12 വയസുകാരന്‍ ലിംനേഷ്. പിന്നീട് അമ്മയുടെ അസുഖം കൂടിയതോടെ ലിംനേഷിനെ ഇടക്കുറിശ്ശി തിരുകുടുംബാശ്രമം അനാഥാലയത്തില്‍ പ്രവേശിപ്പിച്ചിരുന്നു.
ഇവിടെ നിന്നാണ് ലിംനേഷിനെ കാണാതായത്. അന്ന് 2008-ല്‍ പാലക്കാട്ടുനിന്നും കെഎസ്ആര്‍ടിസി ബസില്‍ കോഴിക്കോടേക്ക് ബസ് കയറുകയായിരുന്നു ലിംനേഷ്. പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ലിംനേഷിനെ കോഴിക്കോട് പോലീസ് പെരിങ്ങളത്തെ അഭയകേന്ദ്രത്തിലെത്തിച്ചു.
അവിടെ താമസിച്ച് പഠിച്ച ലിംനേഷ് പിന്നീട് പോലീസ് വെരിഫിക്കേഷനുമായി ബന്ധപ്പെട്ട് നല്‍കിയ അപേക്ഷയുടെ വിവരങ്ങള്‍ തേടി കോഴിക്കോട്ടെ പോലീസ് പാലക്കാട് അന്വേഷണം നടത്തിയതാണ് വഴിത്തിരിവായത്.
തുടര്‍ന്ന് പാലക്കാട് ജില്ലാ ക്രൈംബ്രാഞ്ചിന്റെ പ്രത്യേക സ്‌ക്വാഡാണ് ഇയാളെ കണ്ടെത്തിയത്. ലിംനേഷിനെ പട്ടാമ്പി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Discussion about this post