തിരുവന്തപുരം: 101-ാം വയസ്സിലും അംഗീകാരങ്ങള്‍ വാരിക്കൂട്ടുന്ന മലയാളത്തിന്റെ സ്വന്തം കാര്‍ത്ത്യായനി അമ്മയാണ് ഇന്ന് ഇന്ത്യയുടെ 74-ാമത് റിപ്പബ്ളിക് ദിന പരേഡില്‍ കേരളത്തിന്റെ മുഖമുദ്രയായി മാറിയത്. രാജ്യതലസ്ഥാനത്ത് റിപ്പബ്ളിക് ദിന പരേഡിലെ കേരള ഫ്ലോട്ടില്‍ തലയെടുപ്പോടെ നില്ക്കുന്ന കാര്‍ത്ത്യായനി അമ്മ മലയാളികളുടെ അഭിമാനമായി.
96-ാം വയസില്‍ റാങ്ക് നേടി ഞെട്ടിച്ച കാര്‍ത്ത്യായനി അമ്മ സ്ലേറ്റിലെഴുതിയിരിക്കുന്ന പ്രതിമയാണ് കേരളത്തിന്റെ പ്ലോട്ടിലെ മുഖ്യ ആകര്‍ഷണം. കണ്ണൂര്‍ ജില്ലയിലെ മാങ്ങാട്ടിടം, പാപ്പിനിശ്ശേരി എന്നീവിടങ്ങളില് നിന്നുള്ള വനിതകള്‍ ശിങ്കാരിമേളം അവതരിപ്പിച്ചു. കുടുംബശ്രീ അംഗങ്ങളായ ഇവര്‍. സ്വയംതൊഴില്‍ പദ്ധതിയുടെ ഭാഗമായാണ് ശിങ്കാരിമേളം പഠിക്കാന്‍ ആരംഭിച്ചത്.
പെണ് കരുത്ത് കേരളം മുന്പില് വെച്ചപ്പോള്‍ കളരിപ്പയറ്റുമായി എത്തിയത് അമ്മയും മകളുമാണ്. ഇരുളാ വിഭാഗത്തില്‍ നിന്നുള്ള എട്ട് സ്ത്രീകളാണ് ഗോത്ര പാരമ്പര്യം ഉയര്‍ത്തി ചുവടുകളുമായി രാജ്യത്തിന്റെ ശ്രദ്ധ പിടിച്ചത്. ഇത് ആദ്യമായാണ് ഗോത്ര നൃത്തം കേരള ടാബ്ലോയുടെ ഭാഗമാവുന്നത്.
സ്ത്രീ ശാക്തീകരണത്തിന് സഹായിച്ച ഗോത്ര പാരമ്പര്യം എന്ന ആശയം മുന്‍നിര്‍ത്തി 24 സ്ത്രീകളുമായാണ് കേരളം ടാബ്ലോ അവതരിപ്പിച്ചത്. നഞ്ചിയമ്മയ്ക്ക് ദേശിയ അവാര്‍ഡ് നേടിക്കൊടുത്ത പാട്ട് കേരളം ഒരിക്കല്‍ കൂടി രാജ്യത്തിന് മുന്‍പിലേക്ക് വെച്ചു. ഒപ്പം ദേശിയ പതാകയും കയ്യിലേന്തി നില്ക്കുന്ന നഞ്ചിയമ്മയുടെ പ്രതിമയും ബേപ്പൂര്‍ ഉരുവിന്റെ മാതൃകയിലായിരുന്നു പ്ലോട്ട്.