വയനാട്: മുപ്പത്തിയേഴുകാരനെ അയല്‍വാസിയുടെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വയനാട്ടിലാണ് സംഭവം. തുടിയംപറമ്പില്‍ ഷിജോ(37)യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ യുവാവിനെ കാണാനില്ലെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു.
ഷിജോയെ മാനന്തവാടി നഗരസഭയിലെ പയ്യമ്പള്ളി മുദ്രമൂലയിലെ കുളത്തിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പപ്പടം കാച്ചിവെക്കണമെന്നും ഭക്ഷണത്തിന് സമയമാകുമ്പോഴേക്കും എത്തുമെന്നും പറഞ്ഞ് ഷിജോ തിങ്കളാഴ്ച രാത്രി എട്ട് മണിക്കാണ് വീട്ടില്‍ നിന്ന് പുറത്തിറങ്ങിയത്.
also read: ആശുപത്രി ശൗചാലയത്തിന്റെ വെന്റിലേറ്ററിലൂടെ സ്ത്രീയുടെ ഫോട്ടോയെടുത്തു; പോലീസുകാരൻ പ്രിനു അറസ്റ്റിൽ
രാത്രി ഏറെ വൈകിയിട്ടും ഷിജോ തിരിച്ചെത്താത്തതോടെ വീട്ടുകാര്‍ വിളിച്ചു നോക്കിയെങ്കിലും ഷിജോയുടെ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നുവെന്ന് വാര്‍ഡ് കൗണ്‍സിലര്‍ സ്മിത പറഞ്ഞു. ഇതിന് പിന്നാലെ ബന്ധുക്കള്‍ മാനന്തവാടി പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.
ഇഞ്ചികൃഷിയുമായി ബന്ധപ്പെട്ട് കര്‍ണാടകയിലായിരുന്ന ഷിജോ കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പാണ് നാട്ടിലെത്തിയത്. തുടര്‍ന്ന് ബുധനാഴ്ച അഞ്ചരയോടെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തില്‍ ജോലി ചെയ്യുന്നവര്‍ കൈ കഴുകാനായി കുളത്തിനരികെ എത്തിയപ്പോഴാണ് മൃതദേഹം കണ്ടതെന്ന് പറയുന്നു.
വിവരമറിഞ്ഞ് മാനന്തവാടി ഫയര്‍ഫോഴ്സ് അംഗങ്ങള്‍ സ്ഥലത്തെത്തി മൃതദേഹം പുറത്തെടുത്ത് മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. മാനന്തവാടി പൊലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു.
Discussion about this post