മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യണം; നിർദേശവുമായി മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: മയക്കുമരുന്ന് ഉപയോഗിച്ച് വാഹനമോടിക്കുന്നവരുടെ ലൈസൻസ് റദ്ദ് ചെയ്യാൻ നടപടി കൈകൊള്ളണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശം. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശം.

വർധിച്ചു വരുന്ന മയക്കു മരുന്ന് ഉപയോഗം കണ്ടെത്തുന്നതിന് തയ്യാറാക്കിയ പ്രത്യേക വാഹനങ്ങളുടെ സൗകര്യം പ്രയോജനപ്പെടുത്തി മദ്യം, മയക്കുമരുന്ന് എന്നിവ ഉപയോഗിക്കുന്നവരെ കണ്ടെത്തി കർശന നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഗതാഗത നിയമ ലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കണം.

ഹൈവേ പട്രോളിംഗ് ശക്തിപ്പെടുത്തണം. ഹോട്ട് സ്‌പോട്ടുകളിൽ പോലീസ് സാന്നിദ്ധ്യം ഉറപ്പാക്കണമെന്നും നിശ്ചിത കാലയളവുകളിൽ പോലീസും മോട്ടോർ വാഹന വകുപ്പും സംയുക്തമായി പരിശോധന നടത്താനും മുഖ്യമന്ത്രി നിർദേശം നൽകി. യോഗത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു, സംസ്ഥാന പോലീസ് മേധാവി അനിൽ കാന്ത്, ഗതാഗത സെക്രട്ടറി ബിജു പ്രഭാകർ, കമ്മീഷണർ എസ്. ശ്രീജിത്ത് തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു.

Exit mobile version