കോട്ടയം: സുഹൃത്തായ യുവതിയുടെ വീട്ടിൽ നിന്നും ആശുപത്രിയിൽ പ്രവേശിപ്പിച്ച് പിന്നാലെ മരണത്തിന് കീഴടങ്ങിയ അരവിന്ദന്റെ മരണത്തിൽ ദുരൂഹത. കോട്ടയം കടപ്ലാമറ്റം സ്വദേശിയാണ് 38കാരനായ അരവിനന്ദൻ. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന അരവിന്ദ് ജനുവരി ഒമ്പതിനാണ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്.
നാട്ടുകാരനായ ഓട്ടോറിക്ഷ ഡ്രൈവർ വിവരം അറിയിച്ചതിനെ തുടർന്നാണ് സംഭവ ദിവസം ഉച്ചയ്ക്ക് മാതാപിതാക്കൾ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിയത്. അരവിന്ദന്റെ സുഹൃത്തായ വീട്ടമ്മയുടെ വീട്ടിൽ വച്ച് കുഴഞ്ഞു വീണതായാണ് വിവരം ലഭിച്ചത്. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴാണ് തലയിൽ ആഴത്തിൽ മുറിവേറ്റതായി അറിഞ്ഞതെന്ന് കുടുംബം പറയുന്നു.
അദ്യം ഏറ്റുമാനൂരിലെ ആശുപത്രിയിലെത്തിക്കാൻ വൈകിയതും മെഡിക്കൽ കോളേജിൽ തെറ്റായ പേര് വിവരങ്ങൾ നൽകി യുവതിയും വീട്ടുകാരും മുങ്ങിയതും കുടുംബം ആരോപിച്ചു. സിടി സ്കാനിൽ തലയ്ക്ക് ആഴത്തിൽ മുറിവേറ്റ് രക്തം കട്ടപിടിച്ചതായി കണ്ടെത്തി. തുടർ നടപടികൾക്കായി പോസ്റ്റുമോർട്ടം ഫലം കാത്തിരിക്കുകയാണ് കുടുംബം.
Discussion about this post