നിക്കര്‍ മാത്രം ധരിച്ച് മുഖം മറച്ച് ടോര്‍ച്ചുമായി കള്ളന്‍; വീട്ടമ്മയുടെ മാല കവര്‍ന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍

തൃശൂര്‍: തൃശൂര്‍ തിരൂരില്‍ പുലര്‍ച്ചെ വീട്ടമ്മയുടെ മാല കവര്‍ന്ന മോഷ്ടാവിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. മുഖം മറച്ച്, നിക്കര്‍ മാത്രം ധരിച്ച് ടോര്‍ച്ചുമായി നടക്കുന്ന മോഷ്ടാവിന്റെ ദൃശ്യമാണ് പുറത്ത് വന്നിട്ടുള്ളത്. മോഷണം നടന്ന വീടിന്റെ അടുത്തുള്ള സിസിടിവിയിലാണ് പ്രതിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

ഇന്നലെ പുലര്‍ച്ചെയാണ് തിരൂര്‍ കിഴക്കേ അങ്ങാടി സ്വദേശി സീമയുടെ രണ്ട് പവന്‍ മാല പ്രതി കവര്‍ന്നത്. സമീപത്തെ മറ്റ് വീടുകളിലും കള്ളന്‍ മോഷ്ടിക്കാന്‍ കയറിയതായി പോലീസ് അറിയിച്ചു. വീടിന് പുറകില്‍ ചക്ക വെട്ടുകയായിരുന്ന വീട്ടമ്മയെ ആക്രമിച്ചാണ് മോഷ്ടാവ് മാല കവര്‍ന്നത്.

പ്രതി എത്തിയതെന്ന് കരുതുന്ന സൈക്കിള്‍ സമീപത്ത് നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. ഇന്നലെ പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു മോഷണം. വീട്ടില്‍ പതുങ്ങിയെത്തിയ കള്ളന്‍ പിന്‍വശത്ത് ചക്ക വെട്ടുകയായിരുന്ന സീമയുടെ മാല പൊട്ടിച്ച് കടന്നു കളയുകയായിരുന്നു.

വീട്ടമ്മയുടെ മുഖം പൊത്തിയായിരുന്നു മോഷണം. ഇതിനിടെ കള്ളന്റെ വിരല്‍ വീട്ടമ്മയുടെ വായില്‍ കുടുങ്ങി. വിരല്‍ വീട്ടമ്മ കടിച്ചതോടെ മോഷ്ടാവ് കുതറിയോടുകയായിരുന്നു. വീട്ടമ്മയുടെ ഒരു പല്ല് നഷ്ടപ്പെട്ടു. കള്ളന്റേതെന്ന് കരുതുന ഒരു സൈക്കിള്‍ സമീപത്ത് നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഈ സൈക്കിള്‍ മുണ്ടപ്പിള്ളി ഭാഗത്തു നിന്നും മേഷണം പോയതാണെന്നാണ് നിഗമനം. ഫോറന്‍സിക് വിദഗ്ധര്‍ ഉള്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

Exit mobile version