കൊച്ചി: ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കി അനുകൂല വിധി സമ്പാദിക്കാമെന്ന് വിശ്വസിപ്പിച്ച് അഭിഭാഷകനായ സൈബി ജോസ് കിടങ്ങൂര്‍ ലക്ഷങ്ങള്‍ കക്ഷികളില്‍നിന്ന് ഈടാക്കിയതിന് തെളിവ്. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റാണ് സൈബി ജോസ് കിടങ്ങൂര്‍.
സൈബി ജോസ് വന്‍തോതില്‍ പണംവാങ്ങിയെന്ന് ഹൈക്കോടതി വിജിലന്‍സ് രജിസ്ട്രാറുടെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. സൈബി ജോസ് പണം വാങ്ങിയെന്ന കാര്യത്തില്‍ പ്രഥമദൃഷ്ട്യാ തെളിവുണ്ട്.
തന്‍രെ കക്ഷികളില്‍ നിന്ന് ഹൈക്കോടതി ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ സൈബി വലിയ തുകകളാണ് കൈപ്പറ്റിയിരിക്കുന്നത്. സിനിമാപ്രവര്‍ത്തകര്‍ അടക്കമുള്ള കക്ഷികള്‍ക്കാണ് പണം നഷ്ടമായത്.
ഹൈക്കോടതി ന്യായാധിപന്മാരായ ജസ്റ്റിസ് പിവി കുഞ്ഞികൃഷ്ണന്‍, ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എഎ സിയാദ് റഹ്‌മാന്‍ എന്നിവര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരിലാണ് സൈബി കക്ഷികളില്‍നിന്ന് പണം വാങ്ങിയത്. ഇത് സ്ഥിരീകരിക്കുന്ന നാലു അഭിഭാഷകരുടെ മൊഴിയും റിപ്പോര്‍ട്ടിലുണ്ട്.
ജസ്റ്റിസ് കുഞ്ഞികൃഷ്ണന് നല്‍കാനെന്ന പേരില്‍ 25 ലക്ഷംരൂപയും ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന് നല്‍കാനെന്ന് പറഞ്ഞ് രണ്ടുലക്ഷംരൂപയും ജസ്റ്റിസ് സിയാദ് റഹ്‌മാനു നല്‍കാനെന്ന പേരില്‍ 50 ലക്ഷംരൂപയും സൈബി വാങ്ങിയെടുത്തെന്നാണ് സാക്ഷികളായ അഭിഭാഷകരുടെ മൊഴി.
ഇതില്‍, ജസ്റ്റിസ് കുഞ്ഞികൃഷ്ണന് നല്‍കാനെന്ന പേരില്‍ പണം വാങ്ങിയത് ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സിനിമാനിര്‍മാതാവില്‍ നിന്നാണ്. ഇയാള്‍ സൈബി ജോസിന് 25 ലക്ഷം രൂപയാണ് കൈമാറിയിരിക്കുന്നത്. ഇക്കാര്യത്തില്‍ സൈബിയുടെ പേരില്‍ വിജിലന്‍സ് രജിസ്ട്രാറുടെ അന്വേഷണം നടക്കുകയാണ്.
അതേസമയം, സംഭവത്തില്‍ സൈബി ജോസിനെതിരേ കോടതിയലക്ഷ്യ നടപടിയടക്കം ശുപാര്‍ശചെയ്താണ് വിജിലന്‍സ് രജിസ്ട്രാര്‍ കെവി ജയകുമാര്‍ ചീഫ് ജസ്റ്റിസിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്. സൈബിയ്ക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ബാര്‍ കൗണ്‍സിലിനോട് നിര്‍ദേശിക്കണമെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കുന്നത് പരിഗണിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സൈബി ജോസിനെതിരേ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാര്‍ ജനറല്‍ സംസ്ഥാന പോലീസ് മേധാവിക്ക് കത്തുനല്‍കിയിരുന്നു. പിന്നാലെയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തെത്തിയത്. കേസ് നിലവില്‍ കൊച്ചി പോലീസ് കമ്മിഷണറുടെ നേതൃത്വത്തില്‍ അന്വേഷിക്കുകയാണ്. പക്ഷെ, സൈബിയെ ചോദ്യം ചെയ്യാന്‍ പോലും അന്വേഷണ സംഘത്തിന് സാധിച്ചിട്ടില്ലെന്നാണ് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നത്.
Discussion about this post