തിരുവനന്തപുരം: ശബരിമലയില്‍ യുവതി പ്രവേശനത്തെ തുടര്‍ന്ന് ബിജെപി, സംഘപരിവാര്‍ സംഘടനകള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ കനക്കുന്നു. നിരവധി സ്ഥലത്ത് കടകള്‍ തല്ലിപ്പൊളിച്ചു.
തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ ഒരാള്‍ പെട്രോളൊഴിച്ച് ആത്മഹത്യാ ശ്രമത്തിന് മുതിര്‍ന്നു. ഇയാളെ പോലീസ് വിരട്ടിയോടിച്ചു. തുടര്‍ന്ന് പ്രതിഷേധക്കാരും പോലീസും തമ്മില്‍ കല്ലേറും ലാത്തി ചാര്‍ജും ഉണ്ടായി. ലാത്തി ചാര്‍ജ്ജില്‍ 10 ശബരിമല കര്‍മ്മസമിതി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇതേത്തുടര്‍ന്ന് അക്രമികള്‍ ദേശീയപാത ഉപരോധിച്ച് തീ കത്തിച്ചു. സ്ഥിതി നിയന്ത്രണാവിധേയമെന്ന് പോലീസ് അറിയിച്ചു.
അതേസമയം തിരുവനന്തപുരം സെക്രട്ടേറിയേറ്റ് ലക്ഷ്യമാക്കി നീങ്ങിയ പ്രതിഷേധക്കാരെ പോലീസ് തടഞ്ഞു. ഇവര്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പ്രതിഷേധ പ്രകടനം നടത്തിയവര്‍ വരുന്ന വഴിയില്‍ വനിതാ മതിലിനായി വച്ചിരുന്ന ബാനറുകളും മറ്റ് തോരണങ്ങളും നശിപ്പിച്ചു കൊണ്ടാണ് സെക്രട്ടേറിയേറ്റിലേക്ക് വന്നത്. ഇതേ തുടര്‍ന്ന് സിപിഎം പ്രവര്‍ത്തകര്‍ സംഘടിച്ചെത്തി. ഇതേ തുടര്‍ന്ന് ഇരു വിഭാഗവും തമ്മില്‍ കല്ലേറ് നടന്നു. നിരവധി പേര്‍ക്ക് പരിക്കേറ്റു.