കോഴിക്കോട്: മദ്രസ വിദ്യാര്‍ഥിനിയില്‍ നിന്നും സ്വര്‍ണ വള വിദഗ്ദമായി കൈക്കലാക്കി മോഷ്ടാവ്. പുതുപ്പാടി പെരുമ്പള്ളിയില്‍ തിങ്കളാഴ്ചയാണ് സംഭവം. പെരുമ്പള്ളി പണ്ടാരപ്പെട്ടി ശിഹാബുദ്ദീന്-തസ്നി ദമ്പതിമാരുടെ മകള്‍ ആറുവയസ്സുകാരി ആയിഷയുടെ വളയാണ് മോഷ്ടിച്ചത്. കുട്ടിയുടെ കൈയിലുണ്ടായിരുന്ന മുക്കാല്‍പ്പവന്‍ തൂക്കം വരുന്ന സ്വര്‍ണവളയാണ് മോഷ്ടാവ് കവര്‍ന്നത്.
തസ്നിയുടെ പരാതിയില്‍ താമരശ്ശേരി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. മദ്രസയില്‍ പോയി മടങ്ങുകയായിരുന്ന ആയിഷയെ, ചമല്‍ റോഡിലേക്കുള്ള ഭാഗത്തെ വളവില്‍ അങ്കണവാടിക്കരികില് വെച്ച് ബൈക്കിലെത്തിയ യുവാവ് സമീപിക്കുകയായിരുന്നു.
ഇരുനിറത്തില്‍ തടിച്ച ശരീരപ്രകൃതിയുള്ള യുവാവ് ഹെല്‍മെറ്റിന്റെ ഗ്ലാസ് ഉയര്‍ത്തിയാണ് ബാലികയോട് സംസാരിച്ചത്. ‘മോളേ ഈ വള ഞാന്‍ എടുക്കുകയാണ്. വില്ക്കാന് വേണ്ടിയാണ്’ എന്നുപറഞ്ഞ് കൈയില്‍പ്പിടിച്ച് ആദ്യം വള ഊരിയെടുക്കാന്‍ ശ്രമിച്ചതായി ആയിഷ മാതാപിതാക്കളെ അറിയിച്ചു.
വള ഊരാന്‍ സാധിക്കാതെ വന്നതോടെ പിന്നീട് കത്രിക പോലുള്ള ആയുധമുപയോഗിച്ച് മുറിച്ചെടുക്കുകയായിരുന്നു. ഈ സമയം മദ്രസയില്‍ നിന്ന് മടങ്ങുകയായിരുന്ന മറ്റു കുട്ടികളും പരിസരത്തുണ്ടായിരുന്നു. കുഞ്ഞ് വീട്ടിലെത്തി ”ഒരു ഇക്കാക്ക വന്ന് വള വില്ക്കാന് കൊണ്ടുപോയി” എന്ന് അറിയിച്ചതോടെയാണ് വീട്ടുകാര്‍ കാര്യമറിഞ്ഞത്. തുടര്‍ന്നാണ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
Discussion about this post