കോട്ടയം: പണിയെടുക്കുക, വീട്ടിലെത്തി ബാക്കി കാര്യങ്ങൾ നോക്കുക. നാളിത്രയും ജോലിയെടുക്കുമ്പോൾ വലിയ മോഹങ്ങളൊന്നും തൊഴിലുറപ്പ് സംഘത്തിലെ 21 സ്ത്രീകൾക്ക് ഉണ്ടായിരുന്നില്ല. എന്നാൽ ഇന്ന് കന്നി വിമാന യാത്രയ്ക്ക് തയ്യാറെടുക്കുകയാണ് പനച്ചിക്കാട് ഗ്രാമപ്പഞ്ചായത്തിലെ വിളക്കാംകുന്ന് വാർഡിലെ (12 ാം വാർഡ്) തൊഴിലാളികളായ 21 സ്ത്രീകൾ. തങ്ങളുടെ സ്വപ്ന യാത്ര കൂടിയാണിതെന്ന് സംഘം പറയുന്നു. ഇക്കൂട്ടത്തിൽ 70 പിന്നിട്ടവരും ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.
റിപ്പബ്ലിക് ദിനത്തിൽ രാവിലെ 6.45നു നെടുമ്പാശേരിയിൽ നിന്നു ബംഗളൂരുവിലേക്കാണ് വിമാന യാത്ര. അന്നു പകൽ ബംഗളൂരു മുഴുവൻ ചുറ്റിക്കറങ്ങി രാത്രിയിൽ ഗരീബ് രഥ് എക്സ്പ്രസിൽ കോട്ടയത്തേക്ക് മടങ്ങാനാണ് സംഘം തീരുമാനിച്ചിരിക്കുന്നത്. തൊഴിലുറപ്പ്, കുടുംബശ്രീ, ഹരിതകർമ സേന എന്നീ വിഭാഗങ്ങളിൽ പണിയെടുക്കുന്നവരാണ് ഇവർ. തങ്ങളുടെ ജീവിതാഭിലാഷമാണ് യാഥാർഥ്യമാകുന്നതെന്നു യാത്രയിലെ ഏറ്റവും മുതിർന്ന അംഗം ചെല്ലമ്മ പറയുന്നു.
ഇങ്ങനെയൊരു ആശയം മുന്നോട്ടുവച്ചത് ഗ്രൂപ്പിനു നേതൃത്വം നൽകുന്ന സാലി രാജനാണ്. കണ്ണൂരിലെ തൊഴിലുറപ്പ് തൊഴിലാളികൾ വാട്സാപ്പിൽ കൈമാറിയ വിമാന യാത്രയുടെ ഫോട്ടോയാണ് ഈ സംഘത്തിനെയും ഇതേ ആശയത്തിലേയ്ക്ക് എത്തിച്ചത്. ഈ വിവരം ഗ്രൂപ്പിൽ പങ്കുവച്ചു. പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷനും വാർഡ് അംഗവുമായ എബിസൺ കെ. ഏബ്രഹാമിൽ നിന്നു യാത്രയ്ക്ക് പച്ചക്കൊടി കാണിച്ചതോടെ പോകാനുള്ള ഒരുക്കങ്ങൾ നടത്തുകയായിരുന്നു.
ഒരു വർഷം മുൻപ് മുതൽ തൊഴിലാളികൾ ഓരോരുത്തരും കൂലിയിൽ നിന്നു ചെറിയ തുക മാറ്റിവച്ച് യാത്രാച്ചെലവിനു ആകെ 73,000 രൂപ സ്വരൂപിച്ചതോടെ ടിക്കറ്റുകൾ ബുക്ക് ചെയ്തു. പനച്ചിക്കാട്ടു നിന്നു നെടുമ്പാശേരിയിലെത്താൻ വാനും ഒരുക്കി കഴിഞ്ഞു. കൂട്ടത്തിൽ കൂടുതൽ പേരും 50 വയസ്സിനു മുകളിലുള്ളവരാണ്. ചിലർ ട്രെയിൻ യാത്ര ചെയ്തിട്ടുണ്ട്. എന്നാൽ കേരളത്തിനു പുറത്തേയ്ക്കുള്ള യാത്ര ഇത് ആദ്യമാണ്. 70 വയസ്സിനു മുകളിലുള്ള 2 പേരുണ്ട്.
കുഴിമറ്റം സെന്റ് ജോർജ് എൽപി സ്കൂൾ അധ്യാപകനും എയ്ഡഡ് പ്രൈമറി അധ്യാപക ബാങ്ക് പ്രസിഡന്റുമായ എബിസൺ മുൻപ് സ്കൂൾ കുട്ടികളെ ഗ്രൂപ്പായി വിമാന യാത്രയ്ക്ക് കൊണ്ടു പോയി പരിചയമുള്ളയാളാണ്. തൊഴിലുറപ്പ് സ്ത്രീകളുടെ യാത്രയിൽ സഹായത്തിനായി എബിസൺന്റെ ഭാര്യ എം.സി. ബിൻസിയും (അധ്യാപിക, വാകത്താനം ജറുസലം മൗണ്ട് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപിക) മകൻ എഡ്വിൻ ഏബ്രഹാമും ഒപ്പമുണ്ട്. അടുത്ത സ്വാതന്ത്ര്യ ദിനത്തിൽ ഡൽഹിയിലേക്ക് പറക്കാനാണ് ഇവർ ലക്ഷ്യമിടുന്നത്.
Discussion about this post