കോട്ടയം: സ്ത്രീധനം നൽകിയത് പോരെന്ന് ചൂണ്ടിക്കാണിച്ച് ഭാര്യ വീട് കയറി ആക്രമിച്ച് യുവാവും ഗുണ്ടാ സംഘവും. ഒരു വർഷം മുൻപ് വിവാഹിതരായ ഇവർക്ക് കുട്ടി ജനിച്ചിട്ട് 27 ദിവസം മാത്രം ആയി നിൽക്കെയാണ് ഭർത്താവ് വീട് കയറി ആക്രമിച്ചത്. മുത്തൂർ സ്വദേശി സന്തോഷും കൂട്ടരുമാണ് വീട് അടിച്ചുതകർത്തത്.
വീട്ടിലെത്തി അസഭ്യം വിളിച്ചതിനെ തുടർന്ന് ഗാന്ധിനഗർ പൊലീസിൽ പരാതി നൽകിയതിന് പിന്നാലെയായിരുന്നു ആക്രമണം. സംഭവത്തിൽ സന്തോഷ് ഉൾപ്പെടെ നാലു പേർക്കെതിരെ ഗാന്ധിനഗർ പോലീസ് കേസെടുത്തു. തിങ്കളാഴ്ച രാത്രി 12 ഓടെയാണ് സംഭവം. കുമാരനല്ലൂർ പുതുക്കുളങ്ങര വീട്ടിൽ വിജയകുമാരി അമ്മയുടെ ഉടമസ്ഥതയിലുള്ള വീട് ആക്രമിക്കുകയായിരുന്നു.
35 പവൻ സ്ത്രീധനമായി നൽകിയെങ്കിലും കൂടുതൽ വേണമെന്ന് ആവശ്യപ്പെട്ട് ഇയാൾ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായി കുടുംബം ആരോപിച്ചു. ഇതോടെ ഗർഭിണിയായ യുവതി കുമാരനല്ലൂരിലെ സ്വന്തം വീട്ടിലേക്കു തിരിച്ചെത്തിയിരുന്നു. പ്രസവ ശേഷവും വീട്ടിൽ തന്നെ യുവതി തുടരവെയാണ് ആക്രമണമുണ്ടായത്.