നിലമ്പൂർ: കൊച്ചു മകനുവേണ്ടി സൈക്കിൾ ബൈക്ക് നിർമിച്ച് മുത്തച്ഛൻ. വ്യത്യസ്ത വാഹനങ്ങളുടെ ഭാഗങ്ങൾ കൂട്ടിച്ചേർത്താണ് സൈക്കിൾ ബൈക്ക് നിർമിച്ചത്. മെക്കാനിക്കായ നിലമ്പൂർ റെയിൽവേ കല്പറമ്പിൽ ശിവശങ്കരൻ എന്ന മണിയാണ് സൈക്കിൾ ബൈക്കിന് പിന്നിൽ പ്രവർത്തിച്ചിരുന്നത്. കൊച്ചുമകന് കളിവണ്ടിയായാണ് ഇത് ഉണ്ടാക്കിയെങ്കിലും ഒട്ടേറെ മേന്മകളുണ്ടിതിന്.
എം 80 യുടെ ടയറാണ് ഉപയോഗിച്ചിരിക്കുന്നത്. എൻജിൻ, ഷോക്ക് അബ്‌സോർബർ എന്നിവ ഹീറോ ഹോണ്ടയുടെതാണ് ഉപയോഗിച്ചിരിക്കുന്നത്. ഹാൻഡിൽ റെഡിമെയ്ഡായി ഉണ്ടാക്കി വെച്ചത് വാങ്ങിച്ചു. സീറ്റ്, സൈഡ് സ്റ്റാൻഡ് എന്നിവ ബുള്ളറ്റിന്റേതുമാണ് ഘടിപ്പിച്ചത്. മഡ്ഗാഡ് സൈക്കിളിന്റേതുതന്നെ.
ബോഡി പ്രത്യേകം പൈപ്പും തകിടും വെച്ച് ഉണ്ടാക്കിയതാണ്. ഈ സൈക്കിൾ ബൈക്കിന് 70 കിലോമീറ്റർ മൈലേജ് ലഭിക്കും. ക്ലച്ച് ഇല്ല, നാല് ഗിയറുകളുണ്ട്. അഞ്ചുദിവസംകൊണ്ടാണ് ഇതിന്റെ പണി പൂർത്തിയാക്കിയത്. കിക്കർ അടിച്ചാണ് സ്റ്റാർട്ട്‌ചെയ്യുന്നതെങ്കിലും സെൽഫ് സ്വിച്ചും ഘടിപ്പിക്കാം. ബാറ്ററി ഘടിപ്പിച്ചാലും എളുപ്പത്തിൽ പ്രവർത്തിപ്പിക്കാം. ആറുമാസം മുൻപാണ് പണി പൂർത്തിയാക്കിയത്.
കുട്ടികൾക്കുപോലും ഓടിക്കാവുന്ന തരത്തിലാണ് നിർമിതിയെങ്കിലും റോഡിലേക്ക് ഇറക്കാറില്ല. എടവണ്ണയിൽ മെക്കാനിക്കായി പ്രവർത്തിച്ചിരുന്ന മണി ഇപ്പോൾ നാലു വർഷമായി കൂറ്റമ്പാറയിലാണ് താമസം. ചെറുപ്പംമുതൽതന്നെ ഈ മേഖലയോട് വലിയ താത്പര്യമാണ്. ഒൻപത് വർഷത്തോളം വിദേശത്തായിരുന്നു. ഭാര്യയും മക്കളും മരുമകളും കൊച്ചുമകനും അടങ്ങുന്നതാണ് കുടുംബം.