കൊച്ചി: എറണാകുളത്ത് സ്കൂൾ വിദ്യാർത്ഥികളിൽ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. കാക്കനാട് സ്വകാര്യ സ്കൂളിലെ മൂന്ന് കുട്ടികളിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചില രക്ഷിതാക്കൾക്കും വൈറസ് ബാധ ഉള്ളതായി അധികൃതർ സംശയം പറയുന്നു. അതേസമയം, രോഗവ്യാപനം തടയുന്നതിനായി അടുത്ത മൂന്നുദിവസത്തേക്ക് സ്കൂൾ അടച്ചിട്ടു.
കൂടുതൽ കുട്ടികളിൽ രോഗം ബാധിച്ചിട്ടുണ്ടോ എന്നതടക്കമുള്ള പരിശോധനകളും അധികൃതർ നടത്തി വരികയാണ്. വയറിളക്കം, ഛർദി തുടങ്ങിയ ലക്ഷണങ്ങൾ കണ്ടതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഉദരസംബന്ധമായ അസുഖം ഉണ്ടാക്കുന്ന ഒരുകൂട്ടം വൈറസുകളാണ് നോറോ. ഈ വൈറസ് ആമാശയത്തിന്റെയും കുടലിന്റെയും ആവരണത്തിന്റെ വീക്കത്തിനും കടുത്ത ഛർദി, വയറിളക്കം എന്നിവയ്ക്ക് കാരണമാവുകയാണ്.
ആരോഗ്യമുള്ളവരിൽ നോറോ വൈറസ് കാര്യമായി ബാധിക്കില്ലെങ്കിലും ചെറിയ കുട്ടികൾ, പ്രായമായവർ, മറ്റ് അനുബന്ധ രോഗങ്ങളുള്ളവർ തുടങ്ങിയവരെയാണ് കൂടുതലായും ബാധിക്കുന്നത്. മലിനജലത്തിലൂടെയും, ഭക്ഷണത്തിലൂടെയും രോഗബാധിതരുമായുള്ള സമ്പർക്കത്തിലൂടെയുമാണ് നോറോ വൈറസ് പടർന്ന് പിടിക്കുന്നത്.
രോഗബാധിതനായ വ്യക്തിയിൽ നിന്നും സ്രവങ്ങളിലൂടെ പുറത്തെത്തുന്ന വൈറസ് പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും അവയിൽ സ്പർശിക്കുന്നവരുടെ കൈകളിലേക്ക് പടരുകയുമാണ്. കൈകൾ കഴുകാതെ മൂക്കിലും വായിലും തൊടുന്നതോടെ വൈറസ് ശരീരത്തിൽ വ്യാപിക്കും. സംഭവത്തിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദേശം നൽകുന്നു.
Discussion about this post