പത്തനംതിട്ട: ഇന്ത്യയിലെ ഏറ്റവും മികച്ച ജില്ലാ കളക്ടര്‍ക്കുള്ള എക്സലന്‍സ് ഇന്‍ ഗുഡ് ഗവേര്‍ണന്‍സ് പുരസ്‌കാരം പത്തനംതിട്ട കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ക്ക്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പുരസ്‌കാരം സമ്മാനിച്ചു. തന്റെ ഔദ്യോഗിക ഫേസ്ബുക്കിലൂടെ ദിവ്യ എസ് അയ്യര്‍ ആണ് വിവരം പങ്കുവച്ചത്.
ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളുടെ സേവനങ്ങള്‍ ഏകോപിപ്പിക്കുന്നതില്‍ ചെയ്ത പ്രവൃത്തികള്‍ ആണ് സ്പെഷ്യല്‍ ജൂറി പുരസ്‌കാരത്തില്‍ പരാമര്‍ശിച്ചിരുന്നത്. തീര്‍ത്ഥാടനം സുഗമം ആക്കാന്‍ വിലമതിക്കാനാവാത്ത പിന്തുണ നല്‍കിയ കേരള സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്കും നന്ദി അറിയിക്കുന്നതായും ദിവ്യ എസ് അയ്യര്‍ ഫേസ്ബുക്കില്‍ കുറിച്ചു.
ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ നിന്നുമുള്ള 404 ജില്ലാ കലക്ടര്‍മാരുടെ കളക്ടര്‍മാരുടെ വ്യത്യസ്ത മേഖലകളിലെ സംഭാവനകളെയാണ് അവാര്‍ഡിനായി പരിഗണിച്ചത്. സുപ്രിം കോടതിയുടെ മുന്‍ ചീഫ് ജസ്റ്റിസ് ആയിരുന്ന ജസ്റ്റിസ് ആര്‍എം ലോധയുടെ അധ്യക്ഷതയിലുള്ള വിദഗ്ദ്ധ ജൂറി ആണ് നിശ്ചിത മാനദണ്ഡങ്ങളനുസരിച്ചു 18 കളക്ടര്‍മാരെ പുരസ്‌കാരത്തിന് അര്‍ഹരായി തെരഞ്ഞെടുത്തതെന്ന് ദിവ്യ എസ് അയ്യര്‍ കുറിച്ചു.