തൃശ്ശൂര്‍: പ്രവാസി ദമ്പതികളായ ജൂലിയറ്റിന്റേയും നെല്‍സണിന്റെയും പ്രണയജീവിതം മാതൃകയാണ്, ഒന്നിനും തകര്‍ത്തെറിയാന്‍ പറ്റാത്ത പരിശുദ്ധപ്രണയത്തിന്റെ യഥാര്‍ത്ഥ മാതൃക. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രി കിടക്കയില്‍ അബോധാവസ്ഥയില്‍ കിടക്കുകയായിരുന്ന ജൂലിയറ്റിന് അപ്പോഴും അറിയേണ്ടിയിരുന്നത് നെല്‍സണെ കുറിച്ചായിരുന്നു. അവനോടുള്ള ആ ചോദ്യമായിരുന്നു മനസ് നിറയെ. നെല്‍സണെ കണ്ടതും അവള്‍ ചോദിച്ചത് തന്നെ ഇനി വിവാഹം കഴിക്കുമോ എന്ന ആ ചോദ്യമായിരുന്നു, കരം ഗ്രഹിച്ച് നെല്‍സണ് പറയാനുണ്ടായിരുന്നതും അവള്‍ ആഗ്രഹിച്ച മറുപടി തന്നെയായിരുന്നു. തീര്‍ച്ചയായും എന്ന്!
പിതാവിനേയും അദ്ദേഹത്തിന്റെ സഹോദരനേയും കവര്‍ന്നെടുത്ത ആ വന്‍ അപകടം സഹോദരനേയും അമ്മയേയും ഗുരുതരാവസ്ഥയിലാക്കി. ജൂലിയറ്റിനാകട്ടെ, തുടയെല്ല് തകര്‍ന്നിട്ടുണ്ടായിരുന്നു. വാരിയെല്ലുകള്‍ രണ്ടെണ്ണം ഒടിഞ്ഞു. ഇടതു കൈമുട്ടും തകര്‍ന്നു. മുഖം ആകെ വികൃതമാക്കി 97 തുന്നലുകള്‍. കാഴ്ചയ്ക്കും തകരാര്‍ സംഭവിച്ചു. അസ്ഥി നുറുങ്ങുന്ന വേദനയും. എങ്കിലും അവളെ ഉപേക്ഷിക്കാന്‍ നെല്‍സണ്‍ തയ്യാറായിരുന്നില്ല.
തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് രണ്ടാഴ്ച കഴിഞ്ഞ് മുറിയിലേക്കു മാറ്റിയപ്പോഴും, അവള്‍ പൂര്‍ണ്ണബോധത്തോടെ നെല്‍സണിനോടു വീണ്ടും അതേ ചോദ്യം ആവര്‍ത്തിച്ചു. നീ ഇപ്പോഴും സുന്ദരിയാണെന്നായിരുന്നു നെല്‍സണ്‍ന്റെ മറുപടി.
ആ ഉത്തരം നല്‍കിയ പുത്തനുണര്‍വ്വില്‍ തന്റെ വിധിയോട് പോരാടി ജീവിതം കെട്ടിപ്പടുക്കല്‍ ആരംഭിക്കുകയായിരുന്നു. അപകട ശേഷം ഓര്‍മക്കുറവും മറ്റും സംഭവിച്ചെങ്കിലും ജൂലിയറ്റ് വാശിയോടെ പഠനം തുടര്‍ന്നു. അഞ്ചുവര്‍ഷം കൊണ്ടാണെങ്കിലും പഠനം പൂര്‍ത്തിയാക്കി. എംബിഎ പഠനം പൂര്‍ത്തിയാക്കി ജോലി സമ്പാദിച്ച ജൂലിയറ്റ് ഇന്ന് നെല്‍സണിനോടും രണ്ട് മക്കളോടൊപ്പം അജ്മാനിലെ ലാവന്‍ഡര്‍ ടവറിലെ ഫ്‌ളാറ്റില്‍ സന്തോവതിയായി ജീവിതം നയിക്കുകയാണ്.
അച്ഛനും അദ്ദേഹത്തിന്റെ സഹോദരനുമടക്കം നാലുപേര്‍ മരിച്ച അപകടത്തില്‍ നിന്നാണ് ജൂലിയറ്റ് ജീവിത്തിലേക്കു തിരികെ നടന്നത്. 30 ശതമാനം വൈകല്യവും ജൂലിയറ്റിനെ ബാധിച്ചിരുന്നു. മുഖം നേരേയാക്കാന്‍ പിന്നീട് ഏഴു ശസ്ത്രക്രിയകള്‍ വേണ്ടിവന്നു. തുടയസ്ഥിക്കു പകരമിട്ട കമ്പി ഇപ്പോഴും ഉണ്ട്. പക്ഷേ ജീവിതത്തില്‍ ജൂലിയറ്റ് സന്തോഷവതിയാണ്. ആശുപത്രി കിടക്കയില്‍ നിന്നും നെല്‍സണ്‍ന്റെ കരംഗ്രഹിച്ചുള്ള ജീവിതയാത്ര പതിനാലു വര്‍ഷം പിന്നിട്ടിരിക്കുന്നു. മാന്‍സയന്‍സ് പ്രഫഷണല്‍ സര്‍വീസിലെ ഫിനാന്‍സ് ആന്‍ഡ് അഡ്മിനിസ്‌ട്രേഷന്‍ മാനേജരാണ് ജൂലിയറ്റ്. നെല്‍സണ്‍ സ്വന്തമായി ഇന്റീരിയര്‍ ഡിസൈന്‍ കമ്പനി നടത്തുന്നു. രണ്ടുമക്കള്‍. ആന്റണി(11), ആന്‍ മരിയ(5).
തൃശൂര്‍ സ്വദേശികളാണ് ജൂലിയറ്റും നെല്‍സണും. ജൂലിയറ്റിന്റെ മാതാപിതാക്കള്‍ ഷാര്‍ജയിലായിരുന്നു. 2003 ജൂലായ് മൂന്നിനാണ് വിവാഹത്തിന് വാക്കുറപ്പിക്കാന്‍ നെല്‍സണിന്റെ മാതാപിതാക്കളും ബന്ധുക്കളും ജൂലിയറ്റിന്റെ വീട്ടില്‍ ചെന്നത്. അന്ന് രാത്രി ഏഴരയോടെയാണ് ആ കാറപകടം നടന്നതും. ബന്ധുക്കളെ വിളിക്കാന്‍ ദുബായ് എയര്‍പോര്‍ട്ടില്‍ പോയി മടങ്ങുമ്പോള്‍ ഷാര്‍ജ അല്‍കാന്‍ പാലത്തില്‍ വച്ചായിരുന്നു ആ ദാരുണ അപകടം. ജൂലിയറ്റിന്റെ പിതാവും സഹോദരനും ഉള്‍പ്പടെ നാലുപേര്‍ അപകടത്തില്‍ മരിച്ചു. അമ്മ ലില്ലി, സഹോദരന്‍ ലിജോ എന്നിവര്‍ക്ക് ഗുരുതര പരിക്കുമേറ്റു. കുറേ നാള്‍ വീല്‍ചെയറിലായിരുന്നു ജൂലിയറ്റിന്റെ ജീവിതം.
ആറുമാസം ഫിസിയോ തെറാപ്പിയും വേണ്ടിവന്നു. അപകടത്തിനു ശേഷം കൃത്യം ഒരു വര്‍ഷം കഴിഞ്ഞദിവസമായിരുന്നു ഇരുവരുടെയും വിവാഹ നിശ്ചയം. 2004 ജൂലൈ മൂന്നിന് പിതാവിന്റെയും സഹോദരന്റെ ഓര്‍മച്ചടങ്ങുകള്‍ക്ക് ശേഷമായിരുന്നു അത്. ഒരാഴ്ചയ്ക്കു ശേഷം പതിനൊന്നിനു വിവാഹവും. അപകടം നടക്കുമ്പോള്‍ എംബിഎ പഠനത്തിനൊപ്പം എടിഎന്‍ കമ്പനിയില്‍ ജോലിയും ചെയ്യുകയായിരുന്നു ജൂലിയറ്റ്.
ദുബായില്‍ നിന്ന് ഷാര്‍ജയിലേക്ക് ട്രാന്‍സ്ഫര്‍ വാങ്ങിച്ച ജൂലിയറ്റ് പിന്നീട് 2006 ലാണ് പുതിയ കമ്പനിയില്‍ ജോലിക്കു പ്രവേശിച്ചത്.
2014 ഏപ്രില്‍ ഒന്നിന് മകളുടെ ജന്മദിന ദിവസമാണ് ഇപ്പോഴത്തെ ജോലി ലഭിച്ചതെന്ന് ജൂലിയറ്റ് പറയുന്നു. മുന്‍പ് ഒരു പാടു പോലുമില്ലായിരുന്നു തന്റെ മുഖത്തെന്ന് അപകടത്തിന്റെ വടുക്കളില്‍ തലോടി ജൂലിയറ്റ് ഓര്‍ക്കുമ്പോള്‍, നീ സുന്ദരിയല്ലേ എന്ന് പറയാന്‍ നെല്‍സണ്‍ കൂടെത്തന്നെയുണ്ട്.