വൈക്കം: സ്വന്തം ചികിത്സയ്ക്ക് പോലും പണമില്ലാതെ നാട്ടുകാരുടെ സഹായത്തിനായി കാത്തിരുന്ന ആ നാളുകള്‍ പോയ് മറഞ്ഞ് അഖിലേഷിന് വന്നുചേര്‍ന്നത് ക്രിസ്മസ് ബംബറിലൂടെ മഹാഭാഗ്യം. മാസങ്ങളോളം നീണ്ട ആശുപത്രി ചികിത്സയ്ക്ക് പണം കണ്ടെത്താനാകാതെ വിഷമിച്ച അഖിലേഷിനേയും ഭാര്യ കുമാരിയേയും തേടി ഒരു കോടിയുടെ സമ്മാനം എത്തുകയായിരുന്നു.
ഇത്തവണത്തെ ക്രിസ്മസ് ബംബറിന്റെ രണ്ടാം സമ്മാനമായ ഒരു കോടി രൂപയാണ് വൈക്കം പുത്തന്‍വീട്ടില്‍ കരയില്‍ അഖിലേഷി(59) നും ഭാര്യയ്ക്കും ലഭിച്ചിരിക്കുന്നത്. നീണ്ട ആശുപത്രിക്കാലവും കയറി കിടക്കാന്‍ സ്വന്തമായി ഒരു കിടപ്പാടം ഇല്ലാത്തും എല്ലാം അലട്ടിയിരുന്ന ഈ കുടുംബത്തിലേക്ക് ക്രിസ്മസ് ബംബര്‍ ലോട്ടറി രൂപത്തില്‍ ഭാഗ്യം കൊണ്ടുവന്നത് നാട്ടുകാര്‍ക്കും ഏറെ സന്തോഷം പകരുകയാണ്. ഇന്‍ഡോ അമേരിക്കന്‍ ആശുപത്രി ജീവനക്കാരനാണ് അഖിലേഷ്.
2018ല്‍ പക്ഷാഘാതം സംഭവിച്ച് 3 മാസം അഖിലേഷ് ആശുപത്രിയിലായിരുന്നു. അന്ന് സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം പികെ ഹരികുമാറിന്റെ നേതൃത്വത്തില്‍ നാട്ടുകാരും ആശുപത്രി അധികൃതരും സഹായിച്ചാണ് ചികിത്സയ്ക്കുള്ള പണം കണ്ടെത്തിയത്. പിന്നീട് ലൈഫ് പദ്ധതിയില്‍ സര്‍ക്കാരിന്റെ നാലു ലക്ഷം രൂപ ധനസഹായം ലഭിക്കാനായി കാത്തിരിക്കുകയായിരുന്നു അഖിലേഷ്. ഇതിനിടെയാണ് ലോട്ടറി സമ്മാനം ലഭിച്ചത്.
അതേസമയം, സ്ഥിരമായി ലോട്ടറി എടുക്കുന്നയാളല്ല അഖിലേഷ്. വല്ലപ്പോഴും മാത്രമാണു ലോട്ടറി ടിക്കറ്റ് എടുക്കാറുള്ളത്. വൈക്കം വടക്കേനട സ്കൂളിനു മുന്‍വശം ലോട്ടറി വ്യാപാരം നടത്തുന്ന ഇന്ദുവിന്റെ കയ്യില്‍നിന്നു വാങ്ങിയ ടിക്കറ്റാണ് അഖിലേഷിന് ഭാഗ്യം എത്തിച്ചത്. ടിക്കറ്റ് ബാങ്കില്‍ ഏല്പിച്ചിരിക്കുകയാണ്.
Discussion about this post