കൊച്ചി: കെആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സമരത്തില്‍ താന്‍ സമരം ചെയ്ത വിദ്യാര്‍ഥികള്‍ക്കൊപ്പമാണെന്ന് നടന്‍ ഫഹദ് ഫാസില്‍. എല്ലാവരും ചര്‍ച്ച ചെയ്ത് വിഷയത്തില്‍ ഒരു തീരുമാനം ഉണ്ടായി തുടങ്ങിയതായി അറിഞ്ഞു. പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ട് വിദ്യാര്‍ഥികള്‍ക്ക് പഠനം തുടരാന്‍ സാധിക്കട്ടെ എന്നും ഫഹദ് ഫാസില്‍ പറഞ്ഞു.
പുതിയ ചിത്രം തങ്കത്തിന്റെ പ്രമോഷന്റെ ഭാഗമായി മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു ഫഹദ്. സിനിമയിലെ പ്രമുഖരില്‍ പലരും വിഷയത്തില്‍ പ്രതികരിക്കാന്‍ ഇതുവരെ തയ്യാറായിരുന്നില്ല. അതിനിടെയാണ് നിലപാട് വ്യക്തമാക്കിക്കൊണ്ട് ഫഹദ് രംഗത്തെത്തിയത്.
ഇന്നലെയാണ് കെആര്‍ നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ ശങ്കര്‍ മോഹന്‍ രാജിവച്ചത്. എന്നാല്‍ ചെയര്‍മാന്റെ രാജികൊണ്ട് സമരം അവസാനിപ്പിക്കില്ലെന്ന ഉറച്ചനിലപാടില്‍ നിന്ന വിദ്യാര്‍ത്ഥികള്‍ മുന്നോട്ടുവച്ച ബാക്കി ആവശ്യങ്ങള്‍ കൂടി അംഗീകരിക്കണമെന്നും ആവശ്യമുന്നയിച്ചു.
ശങ്കര്‍ മോഹനെ നീക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ 50 ദിവസത്തോളമായി വിദ്യാര്‍ഥികള്‍ സമരത്തിലായിരുന്നു. ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍മാന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ ശങ്കര്‍ മോഹനെ സംരക്ഷിക്കുകയാണെന്നും ആരോപണമുയര്‍ന്നിരുന്നു. ശങ്കര്‍ മോഹനെ പിന്തുണച്ചുകൊണ്ടുള്ള അടൂരിന്റെ പ്രതികരണവും വിവാദമായിരുന്നു.
അതേസമയം, ജാതി വിവേചന വിവാദങ്ങള്‍ക്ക് പിന്നാലെ രാജിക്കത്ത് നല്‍കിയ കെ ആര്‍ നാരായണന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ രാജി അധികൃതര്‍ സ്വീകരിച്ചിരുന്നു. പുതിയ ഡയറക്ടര്‍ക്കായി മൂന്നംഗ സെര്‍ച്ച് കമ്മിറ്റിയെ രൂപീകരിച്ചു. വി കെ രാമചന്ദ്രന്‍, ഷാജി എന്‍ കരുണ്‍, ടി വി ചന്ദ്രന്‍ എന്നിവരാണ് സെര്‍ച്ച് കമ്മിറ്റിയിലുള്ളത്.