മകന്റെ വിവാഹദിനത്തില്‍ കാരുണ്യസ്പര്‍ശം: പ്രളയത്തില്‍ അച്ഛനെ നഷ്ടപ്പെട്ട കുടുംബത്തിന് സ്‌നേഹവീട് സമ്മാനിച്ച് ഷാജിയും അനിതയും

മുണ്ടക്കയം: മകന്റെ വിവാഹദിനത്തില്‍ പ്രളയത്തില്‍ അച്ഛനെ നഷ്ടമായ വിദ്യാര്‍ഥിനിക്ക് സ്‌നേഹവീട് സമ്മാനിച്ച് കോട്ടയത്തെ ദമ്പതികള്‍. മുണ്ടക്കയം ഷാസ് നികുഞ്ചത്തില്‍ ഷാജി ഷാസും കോരൂത്തോട് സികെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മുന്‍ പ്രിന്‍സിപ്പല്‍ അനിതാ ഷാജിയുമാണ് മകന്റെ വിവാഹദിനത്തില്‍ കാരുണ്യത്തിന്റെ മുഖമായത്. ഇവരുടെ മകന്‍ അക്ഷയ് രോഹിത് ഷായുടെ വിവാഹദിനത്തിലാണ് ഈ കാരുണ്യപ്രവൃത്തി.

കഴിഞ്ഞ പ്രളയത്തില്‍ ഒഴുക്കില്‍പ്പെട്ട് മരിച്ച കുഴിമാവ് അമ്പലവീട്ടില്‍ ദീപുവിന്റെ കുടുംബത്തിനാണ് ഇവരുടെ സഹായമെത്തിയത്. ദീപുവിന്റെ ഭാര്യ ഷിജി, രണ്ട് പെണ്‍മക്കള്‍, വയോധികയായ അമ്മ എന്നിവരടങ്ങുന്ന കുടുംബമാണ് വീട്ടിലുള്ളത്.

കുടുംബത്തിന്റെ ഏക അത്താണിയായ ദീപു മരിച്ചതോടെ വീട് എന്ന സ്വപ്നം ഇവര്‍ക്ക് മുന്നില്‍ ചോദ്യചിഹ്നമായി. അടച്ചുറപ്പില്ലാത്ത ഇടിഞ്ഞുവീഴാറായ വീട്ടില്‍ ഉറക്കമില്ലാതെ ദിനങ്ങള്‍ കഴിച്ചുകൂട്ടുകയായിരുന്നു സ്ത്രീകളായ നാലുപേരും.

മകന്റെ വിവാഹം ആഘോഷിക്കുബോള്‍ മറ്റൊരു കുടുംബത്തിനുകൂടി സന്തോഷം ഉണ്ടാകുന്ന തരത്തിലുള്ള ഏതെങ്കിലും നന്മ ചെയ്യണമെന്ന് അനിതയും ഷാജിയും ആഗ്രഹിച്ചിരുന്നു.
സികെഎം സ്‌കൂളിലെ അധ്യാപകരായ അക്ഷയും സഹോദരി ആദ്ര മിലന്‍ ഷായും യോഗ്യരായ ഒരു കുട്ടിയെ കണ്ടെത്താന്‍ സ്‌കൂള്‍ മാനേജ്മെന്റിനോട് പറഞ്ഞു. സ്‌കൂള്‍മാനേജര്‍ എം.എസ്.ജയപ്രകാശ്, വൈസ് പ്രസിഡന്റ് എം.ആര്‍.ഷാജി, സെക്രട്ടറി അനീഷ് മുടന്ത്യാനി എന്നിവരാണ് ഷിജിയുടെ കുടുംബത്തിനെ തിരഞ്ഞെടുത്തത്.

തിങ്കളാഴ്ചയാണ് അക്ഷയുടെ വിവാഹം. കോട്ടയം തെള്ളകം ഡിഎംസിസി കണ്‍വെന്‍ഷന്‍ സെന്ററില്‍ എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വീടിന്റെ താക്കോല്‍ ഷിജിക്കും കുടുംബത്തിനും കൈമാറി. ചങ്ങനാശ്ശേരി പായിപ്പാട് തിരുവഞ്ചിയില്‍ മധുസൂദനപ്പണിക്കരുടെയും രത്നാ പണിക്കരുടെയും മകള്‍ ഡോ. ആര്യയാണ് വധു.

കരാറുകാരന്‍ രജീഷ് അനിരുദ്ധന്‍ ലാഭം ഒഴിവാക്കി പണിക്കൂലി മാത്രം വാങ്ങിയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തീകരിച്ചത്. അഞ്ച് ലക്ഷത്തില്‍പരം രൂപയാണ് കുടുംബം ചെലവഴിച്ചത്.

Exit mobile version