തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ ഭക്ഷണ വിവാദത്തില്‍ നിലപാട് വ്യക്തമാക്കി നിയമസഭാ സ്പീക്കര്‍ എഎന്‍ ഷംസീര്‍. വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നതാണ് നല്ലത്. ബിരിയാണി കഴിച്ചിട്ട് ആര്‍ക്കെങ്കിലും ഡാന്‍സ് കളിക്കാന്‍ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായുള്ള വാര്‍ത്താസമ്മേളനത്തില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
കുട്ടികള്‍ വരുന്നത് കലാമത്സരങ്ങള്‍ക്കാണ്. ഇടയ്ക്ക് വന്നു ഭക്ഷണം കഴിക്കുന്നു എന്ന് മാത്രമേയുള്ളൂ. നല്ല രീതിയിലാണ് കോഴിക്കോട്ട് ഇത്തവണ കലോത്സവം നടന്നത്. അതില്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കേണ്ട കാര്യമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ഭക്ഷണവിവാദവുമായി ബന്ധപ്പെട്ട അധ്യായം അവസാനിച്ചു. ഇത് നമ്മള്‍ വീണ്ടും തുറക്കേണ്ട കാര്യമില്ല. കേരളത്തിന്റെ പൊതുസ്ഥിതിയെന്നത് എല്ലാകാര്യത്തിലും വിവാദം ഉണ്ടാക്കുക എന്നതാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മാംസാഹാരം കഴിക്കാന്‍ താത്പര്യമുളളവര്‍ക്ക് പുറത്ത് നിന്ന് വാങ്ങി കഴിക്കാം. ചിക്കന്‍ ബിരിയാണി കഴിച്ച ഒരു കുട്ടി എങ്ങനെയാണ് വേദിയില്‍ നൃത്തം ചെയ്യുക. തനിക്ക് നോണ്‍വെജ് ഭക്ഷണത്തോട് ആണ് പ്രിയം. എന്നാല്‍ കലോത്സവം പോലുളള ഒത്തുചേരലില്‍ എല്ലാവര്‍ക്കും കഴിക്കാന്‍ പറ്റുന്ന ഭക്ഷണമെന്ന നിലയില്‍ വെജിറ്റേറിയന്‍ ഭക്ഷണം വിളമ്പുന്നതാണ് നല്ലതെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
അടുത്ത വര്‍ഷത്തെ കലോത്സവത്തില്‍ നോണ്‍ വെജ് ഭക്ഷണവും ഉണ്ടാകുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഷംസീറിന്റെ പ്രതികരണം.