പാലക്കാട്: പാലക്കാട് ജില്ലയിലെ ധോണിയിലെ നാട്ടുകാരെ ഒന്നടങ്കം വിറപ്പിച്ച കാട്ടുകൊമ്പന്‍ പിടി സെവനെ തളച്ചു. മയക്കു വെടിവെച്ച് തളച്ച പിടി സെവനെ കുങ്കിയാനകളുടെ സഹായത്തോടെ ലോറിയില്‍ കയറ്റി. ഇനി ധോണിയിലെ ഫോറസ്റ്റ് ഓഫീസിലെത്തിക്കും.
ധോണിയില്‍ 140 യൂക്കാലിപ്റ്റസ് മരം കൊണ്ടുള്ള കൂടാണ് ആനയെ പാര്‍പ്പിക്കാനായി ഒരുക്കിയിരിക്കുന്നത്. മുത്തങ്ങയില് നിന്നെത്തിച്ച വിക്രം, ഭരതന്‍, സുരേന്ദ്രന്‍ എന്നീ കുങ്കിയാനകളുടെ സഹായത്തോടെ പിടി സെവനെ കൂട്ടിലേക്ക് മാറ്റും.
ആനയെ പിടികൂടിയ ശേഷം കാലുകളില്‍ വടം കെട്ടി. കണ്ണുകള്‍ കറുത്ത തുണി കൊണ്ടു മൂടിയെങ്കിലും പിന്നീട് തുണി നീക്കം ചെയ്ത ശേഷമാണ് ലോറിയിലേക്ക് കയറ്റിയത്. ധോണിയിലെ ജനവാസ മേഖലയില്‍ ഇറങ്ങി ഭീതി പരത്തുകയായിരുന്നു കാട്ടാന.
പ്രഭാതസവാരിക്കിറങ്ങിയെ ഒരാളെ ആന കൊല്ലുകയും, നാട്ടിലെ കൃഷി നശിപ്പിക്കുകയും ചെയ്തിരുന്നു. രാവിലെ 7.10നും 7.15നും ഇടയിലാണ് പിടി സെവന് മയക്കുവെടി വെച്ചത്. ചീഫ് ഫോറസ്റ്റ് വെറ്റിനറി സര്‍ജന്‍ അരുണ്‍ സഖറിയ ആണ് 75 അംഗ ദൗത്യസംഘത്തിന് നേതൃത്വം നല്കിയത്.