തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷത്തെ ഓണം ബംപറടിച്ച് കോടീശ്വരനായ തിരുവനന്തപുരം സ്വദേശി അനൂപ് ലോട്ടറികച്ചവടം തുടങ്ങി. എം.എ ലക്കി സെന്റര്‍ എന്നാണ് കടയ്ക്ക് പേരിട്ടിരിക്കുന്നത്. മണക്കാട് ജംങ്ഷനിലാണ് 25കോടി ബംപറടിച്ച അനൂപിന്റെ ലോട്ടറിക്കട.
ജനുവരി 20നാണ് കട തുറന്നത്. അനൂപിന്റെയും ഭാര്യ മായയുടേയും പേരുകളുടെ ആദ്യാക്ഷരം ചേര്‍ത്ത് എം.എ ലക്കി സെന്റര്‍ എന്ന പേരിട്ടിരിക്കുന്നത്. അനൂപിന്റെ ലോട്ടറിക്കടയില്‍ നല്ല തിരക്കാണ്. ബംപറടിച്ച ഭാഗ്യവാന്റെ കൈയ്യില്‍ നിന്നും ലോട്ടറിയെടുക്കാന്‍ നിരവധി പേരാണ് ഇവിടേക്ക് എത്തുന്നത്.
ബംപറടിച്ചതിന് ശേഷം അനൂപ് പലപ്പോഴായും ലോട്ടറിയെടുത്തിട്ടുണ്ട്. 5,000 രൂപവരെ സമ്മാനം ലഭിക്കുകയും ചെയ്തു. വാടകയ്ക്കാണ് ഇപ്പോള്‍ കടയെടുത്തിരിക്കുന്നതെന്നും ലോട്ടറി കട തുടങ്ങാന്‍ അനൂപിന് നേരത്തെ തന്നെ പ്ലാന്‍ ഉണ്ടായിരുന്നുവെന്നും അനൂപിന്റെ ഭാര്യ മായ പറയുന്നു.
എന്നാല്‍ തന്റെ രണ്ടാമത്തെ കുഞ്ഞിന് 31 ദിവസം മാത്രം പ്രായമായതിനാല്‍ തനിക്ക് കടയിലേക്ക് പോകാന്‍ ഒന്നും കഴിയുന്നില്ലെന്നും സഹായം ചോദിച്ച് എത്തുന്നവരുടെ വരവ് മുന്‍പത്തേക്കാള്‍ കുറഞ്ഞിട്ടുണ്ടെന്നും മായ പറയുന്നു. ലോട്ടറിയടിച്ച സമയത്ത് തങ്ങള്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോയതെന്നും മായ കൂട്ടിച്ചേര്‍ത്തു.
ലോട്ടറി പണം കൊണ്ട് പഴയൊരു വീട് വാങ്ങി പുതുക്കിപ്പണിഞ്ഞു. വേറെ ബിസിനസ് ഒന്നും ഇപ്പോള്‍ ആലോചിക്കുന്നില്ല. ചേട്ടന്റെ ഓട്ടോ ഇപ്പോള്‍ സഹോദരനാണ് ഓടിക്കുന്നത്’ മായ പറഞ്ഞു. അതേസമയം വൈകാതെ തന്നെ സ്വന്തമായി ലോട്ടറി ഏജന്‍സി തുടങ്ങാനാണ് അനൂപിന്റെ പ്ലാന്‍.