തിരുവനന്തപുരം: മീന്‍ മുള്ള് തൊണ്ടിയില്‍ കുടുങ്ങിയതിന് ചികിത്സ തേടിയെത്തിയ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുടെ ദേഹത്ത് എക്‌സ്‌റേ മെഷീന്‍ വീണ് നടുവൊടിഞ്ഞു. തിരുവനന്തപുരത്താണ് സംഭവം. ചിറയിന്‍കീഴ് കൂന്തള്ളൂര്‍ മണ്ണുവിളവീട്ടില്‍ ലതയുടെ മകള്‍ ആദിത്യ ആണ് നടുവൊടിഞ്ഞ് കിടപ്പിലായത്.
ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയിലാണ് സംഭവം. വായില്‍ മീന്‍മുള്ള് കുടുങ്ങിയത് മാറ്റാന്‍ ചികിത്സ തേടിയാണ് ആദിത്യ ചിറയിന്‍കീഴ് ആശുപത്രിയില്‍ എത്തിയത്. ആശുപത്രിയിലെ ഇ.എന്‍.ടി ഡോക്ടറുടെ നിര്‍ദേശപ്രകാരമാണ് കുട്ടിക്ക് എക്‌സ്‌റേ എടുത്തത്.
എക്‌സ്‌റേ എടുക്കുന്നതിനിടെ മെഷീന്റെ ഒരു ഭാഗം ഇളകി കുട്ടിയുടെ നടുവിന്റെ ഭാഗത്ത് ശക്തിയായി ഇടിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളികേട്ട് ഓടിയെത്തിയ കുട്ടിയുടെ അമ്മ കണ്ടത് വേദന കൊണ്ട് പുളയുന്ന മകളെയാണ്. കുട്ടിയെ മാതാവ് താങ്ങിയാണ് ആശുപത്രിയിലെ ഓര്‍ത്തോ ഡോക്ടറുടെ അടുത്ത് എത്തിച്ചത്.
ഡോക്ടറുടെ നിര്‍ദേശാനുസരണം വീണ്ടും കുട്ടിക്ക് എക്‌സ്‌റേ എടുത്തു. അപ്പോഴാണ് നടുവിന്റെ ഭാഗത്ത് അസ്ഥിയില്‍ പൊട്ടല്‍ ഉണ്ടെന്ന് കണ്ടെത്തിയത്. വീഴ്ച മറയ്ക്കാന്‍ വേണ്ടി ബെല്‍റ്റ് ഇട്ട് വിശ്രമിച്ചാല്‍ മതിയെന്ന് നിര്‍ദേശിച്ച് മരുന്ന് നല്‍കി ഡോക്ടര്‍മാര്‍ കുട്ടിയെ വിട്ടയച്ചു.
എന്നാല്‍ നഴ്‌സിങ് വിദ്യാര്‍ഥിനിയായ ആദിത്യക്ക്തന്റെ പരിക്ക് നിസാരമല്ലെന്ന് മനസ്സിലായി. തുടര്‍ന്ന് ആദിത്യയും മാതാവും മറ്റൊരു ഡോക്ടറെ കാണിച്ചപ്പോഴാണ് കുട്ടിയുടെ നടുവിലെ എല്ലില്‍ പൊട്ടല്‍ സ്ഥിതികരിച്ചത്. ഉടന്‍ മാതാവ് ലത ആശുപത്രി സൂപ്രണ്ടിനെ നേരില്‍ കണ്ട് പരാതി അറിയിച്ചു.
എന്നാല്‍ എക്‌സറേ വിഭാഗത്തിലെ ജീവനക്കാരെ സംരക്ഷിക്കാനുള്ള ശ്രമം ആണ് നടന്നത് എന്ന് ആരോപിക്കുന്നു. അവസാന വര്‍ഷ നഴ്‌സിങ് വിദ്യാര്‍ത്ഥിനിയായ ആദിത്യ കിടപ്പിലായതോടെ പാര്‍ട്ട് ടൈം സ്വീപ്പര്‍ ആയി ജോലി ചെയ്ത് കുടുംബം പുലര്‍ത്തിയിരുന്ന അമ്മയ്ക്ക് ജോലിക്ക് പോകാന്‍ കഴിയാത്ത അവസ്ഥയാണ്.