തിരുവനന്തപുരം: പൂജാ ബംപറിന്റെ 10 കോടി രൂപയുടെ ഭാഗ്യം തേടിയെത്തിയതിന് പിന്നാലെ തന്റെ പേരും വിലാസവും പരസ്യമാക്കരുതെന്ന് ഭാഗ്യശാലി. ലോട്ടറി വകുപ്പിനോടാണ് ഭാഗ്യശാലിയുടെ അഭ്യർത്ഥന. തൃശൂരിലെ ഐശ്വര്യ ലോട്ടറി ഏജൻസിയിൽ നിന്നെടുത്ത ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 20നായിരുന്നു പൂജാ ബംപർ നറുക്കെടുപ്പ്. JC 110398 എന്ന നമ്പറിനാണ് ഒന്നാം സമ്മാനം ലഭിച്ചത്.
ടിക്കറ്റ് ഹാജരാക്കിയപ്പോഴാണ് പേര് വിവരങ്ങൾ പരസ്യപ്പെടുത്തരുതെന്ന ആവശ്യം മുൻപോട്ടുവെച്ചത്. ഔദ്യോഗിക ആവശ്യങ്ങൾക്കു മാത്രമേ പേരും മറ്റു വിവരങ്ങളും ഉപയോഗിക്കൂവെന്ന് വകുപ്പ് അറിയിച്ചു. അതേസമയം, 2022 നവംബർ 25 കോടിയുടെ ഓണം ബംപറിന്റെ ജേതാവ് അനുഭവിച്ച പ്രയാസങ്ങളാണ് പേര് രഹസ്യമാക്കി വെയ്ക്കുന്നതിന് കാരണമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ.
ലോട്ടറി അടിച്ച വിവരം എല്ലാവരെയും അറിയിക്കുകയും ആഹ്ലാദപ്രകടനം നടത്തുകയും മാധ്യമങ്ങൾക്ക് അഭിമുഖങ്ങൾ നൽകുകയും ചെയ്തതോടെ പണം ആവശ്യപ്പെട്ട് നിരവധി പേരാണ് ഭാഗ്യശാലിയുടെ വീട്ടിലേയ്ക്ക് ഒഴുകി എത്തിയത്. കുട്ടിയെ ആശുപത്രിയിൽ കൊണ്ടുപോകാൻ പോലും കഴിയാത്തതിനെ തുടർന്ന് താമസം താൽക്കാലികമായി ഓണം ബംപർ ജേതാവിന് മാറേണ്ടി വന്നു. ഇതെല്ലാം കണ്ടതിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നാണ് വിവരം. അതേസമയം, കഴിഞ്ഞ ദിവസം നറുക്കെടുത്ത 16 കോടി രൂപയുടെ ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാന ജേതാവിനെ ഇതുവരെയും കണ്ടെത്താനായിട്ടില്ല.