കൊച്ചി: കാക്കനാട് ടോണിക്കോ കഫേയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്ത ചിക്കന്‍ സാലഡില്‍ ചത്ത പുഴുവിനെ കണ്ടതായി പരാതി. നന്ദന എസ് നായര്‍ എന്ന യുവതിയാണ് സംഭവത്തില്‍ പരാതി നല്‍കിയത്. പുഴുവിനെ കണ്ടത് കഫേ ജീവനക്കാരെ അറിയിച്ചപ്പോള്‍ ഗൗനിച്ചില്ലെന്നും ഭക്ഷണത്തിന്റെ ചിത്രം സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചുകൊണ്ട് യുവതി പറയുന്നു.
സംഭവത്തില്‍ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിന് യുവതി പരാതി നല്‍കിയിട്ടുണ്ട്. ഭക്ഷണത്തില്‍ പുഴുവിനെ കണ്ടതായി അറിയിച്ചപ്പോള്‍ ഇതൊരു ചെറിയ തെറ്റല്ലേ പ്രശ്നമാക്കേണ്ട കാര്യമുണ്ടോ എന്നായിരുന്നു കഫേ ജീവനക്കാരുടെ മറുപടിയെന്ന് യുവതി പറഞ്ഞു. സാലഡ് പകുതി കഴിച്ചപ്പോഴാണ് പുഴുവിനെ കണ്ടത്. ഉടനെ സ്റ്റാഫിനെ വിളിച്ച് ഇത് എന്താണെന്ന് ചോദിച്ചപ്പോള്‍ ഒന്നും പറയാതെ എന്റെ പ്ലേറ്റ് അടുക്കളയിലേക്ക് കൊണ്ടുപോയി.
ഞാന്‍ അയാളുടെ പിറകേ ചെന്ന് തടഞ്ഞു. അപ്പോള്‍ അവിടെയുണ്ടായിരുന്ന ജീവനക്കാരെല്ലാം വന്നു. ‘ഓ ഇത് ലെറ്റിയൂസില്‍ പൊതുവെ ഉണ്ടാകുന്നതാ’ എന്നായിരുന്നു അയാളുടെ ആദ്യ പ്രതികരണം. ഇതാണോ നിങ്ങള്‍ വിളമ്പുന്നത് എന്ന് ചോദിച്ചപ്പോള്‍, ‘ ഇതൊരു ചെറിയ തെറ്റല്ലേ ഇത്ര പ്രശ്നമാക്കണ്ട കാര്യമുണ്ടോ’എന്നാണ് ഷെഫ് പറഞ്ഞത്, യുവതി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.
പിന്നീട് കഫേ ജീവനക്കാര്‍ തന്നെ പ്ലേറ്റിലുണ്ടായിരുന്ന ഭക്ഷണം കളഞ്ഞു. ഭക്ഷണം കളയരുതെന്ന് പറഞ്ഞെങ്കിലും കേട്ടില്ല. നിയമപരമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ അവരുടെ ജനറല്‍ മാനേജറെ വിളിച്ചുവരുത്തി. അയാള്‍ ജീവനക്കാര്‍ക്കുവേണ്ടി മാപ്പ് പറഞ്ഞു.
പക്ഷെ വീണ്ടും അവര്‍ വൃത്തിയുടെ കാര്യത്തില്‍ വളരെയധികം ശ്രദ്ധിക്കുന്നവരാണെന്നും ചിലപ്പോള്‍ പച്ചക്കറിയില്‍ കാണാതെപോകുന്ന പുഴുക്കള്‍ ഉണ്ടാകാറുണ്ട്, ഇതൊരു മനുഷ്യസഹജമായ തെറ്റാണെന്നുമൊക്കെ ന്യായീകരിക്കാന്‍ തുടങ്ങി. അവരുടെ ഗൂഗിള്‍ റിവ്യൂ പരിശോധിക്കാന്‍ പോലും അയാള്‍ എന്നോട് പറഞ്ഞുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു.
Discussion about this post