മലപ്പുറം: മലപ്പുറത്ത് മകളെ തട്ടിക്കൊണ്ടുപോയ കേസില്‍ പിതാവ് അറസ്റ്റില്‍. മങ്കട കൂട്ടില്‍ ചേരിയം സ്വദേശി മുണ്ടേടത്ത് അബ്ദുല്‍വാഹിദി(33) നെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ അമ്മയുടെ പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഭര്‍ത്താവുമായി പിണങ്ങി സ്വന്തം വീട്ടില്‍ താമസിക്കുകയായിരുന്നു പരാതിക്കാരി. യുവതിയുടെ ഒപ്പമാണ് ഇവരുടെ നാല് വയസുളള മകള്‍ കഴിയുന്നത്. കുട്ടിയെ മഞ്ചേരി കച്ചേരിപ്പടിയിലെ സ്വകാര്യ സ്കൂളില്‍ എല്‍കെജിയില്‍ ചേര്‍ത്തിരുന്നു. കഴിഞ്ഞ 18ന് സ്കൂളിലെത്തിയ പിതാവ് മാതാവിന്റെയോ സ്കൂള്‍ അധികൃതരുടെയോ സമ്മതമില്ലാതെ കുട്ടിയെ ബുള്ളറ്റില്‍ കയറ്റി കൊണ്ടുപോയി.
ശേഷം മാതാവിന്റെ വീടിനടുത്തുള്ള റോഡില്‍ ഉപേക്ഷിച്ചതായും പരാതിയില്‍ പറയുന്നു. സ്കൂള്‍ അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് കുട്ടിയുടെ അമ്മ മഞ്ചേരി പൊലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കുട്ടിയെ കൂട്ടിക്കൊണ്ടുപോയ ബുള്ളറ്റും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.അറസ്റ്റിലായ അബ്ദുള്‍ വാഹിദ് എറണാകുളം ഇന്ത്യന്‍ റിസര്‍വ് ബറ്റാലിയനില്‍ പൊലീസുദ്യോഗസ്ഥനാണ്. ജുഡീഷ്യല്‍ മജിസ്ട്രേറ്റിന് മുമ്പാകെ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Discussion about this post