തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ക്രിസ്മസ്-ന്യൂ ഇയര്‍ ബമ്പര്‍ ഭാഗ്യശാലിയുടെ പേര് വെളിപ്പെടുത്തില്ല. ഒന്നാം സമ്മാനമായ 16 കോടിയുടെ ടിക്കറ്റ് ഹാജരാക്കിയ വ്യക്തി പേരും വിവരങ്ങളും പരസ്യമാക്കരുതെന്ന് ലോട്ടറി വകുപ്പിനോട് അഭ്യര്‍ഥിച്ചു. ഇത് പ്രകാരം ഇയാളുടെ വിവിരങ്ങള്‍ പരസ്യപ്പെടുത്തില്ലെന്ന് വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലുള്ള ഗോര്‍ഖി ഭവനില്‍ വെച്ച് ഇന്നലെ രണ്ട് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. പാലക്കാട് വിറ്റ എക്സ് ഡി 236433 ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. മധുസൂധനന്‍ എന്ന ഏജന്റാണ് ഒന്നാം സമ്മാനത്തിന് അര്‍ഹമായ ടിക്കറ്റ് വിറ്റത്. കമ്മീഷനും 30 ശതമാനം നികുതിയും കഴിഞ്ഞുളള തുകയാണ് സമ്മാനാര്‍ഹന് ലഭിക്കുക.
കേരള ലോട്ടറി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സമ്മാനത്തുകയാണ് ക്രിസ്തുമസ് പുതുവത്സര ബംപറിന്റേത്. രണ്ടാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേര്‍ക്ക്.
മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതം 20 പേര്‍ക്കും വിതരണം ചെയ്യും. 400 രൂപയായിരുന്നു ടിക്കറ്റ് വില. 33 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 32,43,908 ടിക്കറ്റുകളാണ് വിറ്റുപോയത്.
Discussion about this post